കോവിഡ്​ വാക്​സിൻ: സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ നിർബന്ധമാക്കുന്നു

ജിദ്ദ: റമദാൻ ഒന്ന്​ മുതൽ ഹജ്ജ്​ ഉംറ മേഖലയിലെ ജോലിക്കാർക്കും മക്ക, മദീന നഗരങ്ങളിലെ കച്ചവടക്കാർക്കും​ കോവിഡ്​ വാക്​സിൻ നിർബന്ധമാക്കുന്നു.

ഹജ്ജ്​ -ഉംറ മേഖലയിലെ ജോലിക്കാർ​ റമദാൻ ഒന്നു മുതൽ ​കോവിഡ്​ വാക്​സിൻ എടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ്​ ഉണ്ടായിരിക്കുകയോ വേണമെന്ന്​ അറിയിച്ച്​ ഹജ്ജ്​ -ഉംറ മന്ത്രാലയമാണ്​ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്​. വാക്​സിനെടുക്കാത്തവർ എല്ലാ ആഴ്​ചയും കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജറാക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്​.

മനുഷ്യജീവിതം സംരക്ഷിക്കാനും പ്രതിരോധന നടപടികൾ നടപ്പിലാക്കി ജീവിതം സാധാരണ നിലയിലേക്ക്​ തിരിച്ചുകൊണ്ടുവരാനും സർക്കാർ​ നടത്തിവരുന്ന ശ്രമത്തി​െൻറ ഭാഗമാണ്​ തീരുമാനമെന്നും ഹജ്ജ്​ -ഉംറ മന്ത്രാലയം വ്യക്തമാക്കി.

മക്കയിലും മദീനയിലും കടകളിൽ ജോലി ചെയ്യുന്നവർക്ക്​ റമദാനിന്​ മുമ്പ്​ കോവിഡ്​ വാക്​സിൻ നിർബന്ധമാണെന്ന തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്​​ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയമാണ്. ഇരു നഗരങ്ങളിലെ കടകളിലെ ജോലിക്കാരും ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ സേവനം ചെയ്യുന്നവരും വാക്​സിൻ എടുക്കുകയോ അല്ലെങ്കിൽ ഒരോ ആഴ്​ചയിലും പി.സി.ആർ സർട്ടിഫിക്കറ്റ്​ സമർപ്പിക്കുകയോ വേണമെന്നാണ്​​ നിർദേശത്തിലുള്ളത്​.

വീട്ടുജോലിക്കാരെ റിക്രൂട്ട്​ ചെയ്യുന്ന രാജ്യത്തെ മുഴുവൻ ഒാഫീസുകളിലെ ജോലിക്കാരും​ കോവിഡ്​ വാക്​സിനെടുത്തിരിക്കണമെന്ന നിർദേശം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്​ച പുറപ്പെടുവിച്ചിരുന്നു.

പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർ, കായിക കേന്ദ്രങ്ങൾ, ഹോട്ടൽ, ഭക്ഷ്യവിതരണ കേന്ദ്രം, ബാർബർ ഷാപ്പുകൾ എന്നിവിടങ്ങളിലെ ജോലിക്കാർക്കും​ ജോലിക്ക്​ ശവ്വാൽ ഒന്നു മുതൽ കോവിഡ്​ വാക്​സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമായിരിക്കുമെന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ കഴിഞ്ഞ ദിവസമാണ്​ തീരുമാനം പുറപ്പെടുവിച്ചത്​.

Tags:    
News Summary - covid vaccine Mandatory in more occupations in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.