ദോഹ: ലോകകപ്പ് ഫുട്ബാളിലെ നിരാശപ്പെടുത്തിയ പ്രകടനവുമായി ഖത്തറിൽനിന്ന് പറന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുന്നു. യൂറോപ്പിനോട് വിടപറഞ്ഞ് സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്റിലേക്ക് കൂടേറിയ ക്രിസ്റ്റ്യാനോ കൂട്ടുകാർക്കൊപ്പം നവംബർ ആദ്യ വാരത്തിൽ ഖത്തറിൽ പന്തുതട്ടും. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായ വേളയിലാണ് ക്രിസ്റ്റ്യാനോയുടെ ഖത്തറിലേക്കുള്ള വരവ് ഉറപ്പായത്. ഗ്രൂപ് ‘ഇ’യിൽ ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് അൽ ദുഹൈലും സൗദി കരുത്തരായ അൽ നസ്റും മുഖാമുഖമെത്തിയതോടെ ഒരു മത്സരം ഖത്തറിലും തീരുമാനമായി. ഗ്രൂപ് റൗണ്ടിൽ ഹോം, എവേ അടിസ്ഥാനത്തിൽ ഓരോ ടീമും പരസ്പരം രണ്ടു തവണയായി ഏറ്റുമുട്ടണം. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിലെയും സൗദിയിലെയും ക്ലബുകൾ പരസ്പരം ഏറ്റുമുട്ടുന്നത് പതിവാണെങ്കിലും ഇത്തവണ ഏറെ സവിശേഷമാണ് കാര്യങ്ങൾ. ലോക ഫുട്ബാളിനെ തന്നെ ഞെട്ടിച്ച് വമ്പൻ താരങ്ങളുടെ കൂടുമാറ്റത്തോടെ സൗദി ക്ലബുകളെല്ലാം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. ഓരോ ക്ലബിലും അണിനിരക്കുന്നത് യൂറോപ്പിലെയും തെക്കൻ അമേരിക്കയിലെയുമെല്ലാം വമ്പൻ താരങ്ങൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ താരമൂല്യം ഉയർന്ന അൽ നസ്ർ നവംബർ ഏഴിനാണ് ഖത്തറിലെത്തി അൽ ദുഹൈലിനെ നേരിടുന്നത്. ഗ്രൂപ്പിലെ ആദ്യ പാദത്തിൽ ദുഹൈൽ ഒക്ടോബർ 24ന് റിയാദിൽ വെച്ച് അൽ നസ്റിനെയും നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, അലക്സ് ടെലസ്, മാഴ്സലോ ബ്രൊസോവിച്, ഒറ്റാവിയോ തുടങ്ങി വമ്പൻ താരങ്ങളുമായാണ് അൽ നസ്ർ പന്തു തട്ടുന്നത്. തജികിസ്താനിലെ ഇസ്തിക്ലോൽ, ഇറാനിലെ പെർസെപോളിസ് എന്നീ ക്ലബുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.അൽ സദ്ദാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ കളിക്കുന്ന മറ്റൊരു ഖത്തർ ടീം. ഉസ്ബകിസ്താന്റെ നസാഫ്, ജോർഡന്റെ അൽ ഫൈസലി, യു.എ.ഇയിലെ ഷാർജ എഫ്.സി എന്നിവരാണ് അൽ സദ്ദിന്റെ ഗ്രൂപ് റൗണ്ട് എതിരാളികൾ. നേരത്തേ േപ്ല ഓഫ് കളിച്ച അൽ അറബി, അൽ വക്റ ടീമുകൾക്ക് ഗ്രൂപ് റൗണ്ടിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല. ലോകകപ്പ് ഫുട്ബാളിൽ പോർചുഗലിനായി ഖത്തറിൽ കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ പ്രതീക്ഷിച്ച ഫോമിലേക്കുയരാതെ നിരാശപ്പെടുത്തിയിരുന്നു. ആരാധകർക്ക് ആ നഷ്ടം നികത്താൻ കൂടിയുള്ള അവസരമാണ് ഈ ചാമ്പ്യൻസ് ലീഗ് പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.