റിയാദ്: പ്രവാചകനെ ചരിത്രത്തിലും വർത്തമാനകാലത്തും വിമർശിച്ചവരുണ്ടെന്നും എന്നാൽ, വിമർശനവും അധിക്ഷേപവും വേർതിരിച്ചുകാണേണ്ടതുണ്ടെന്നും തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. റിയാദിലെ വിവിധ സംഘടനാ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു. തനിമ സെൻട്രൽ പ്രോവിൻസ് ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രവാചകനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തവർക്ക് കാലം മറുപടി നൽകിയിട്ടുണ്ടെന്നും ഇത് കേവലം നാക്കുപിഴയല്ലെന്നും വംശീയതയുടെയും ഇസ്ലാമോഫോബിക്കിന്റെയും ഭാഗമാണെന്നും വിഷയാവതാരകനായ തനിമ നിർവാഹക സമിതിയംഗം റഹ്മത്ത് തിരുത്തിയാട് ചൂണ്ടിക്കാട്ടി. സമചിത്തതയോടെയും ബുദ്ധിപരമായും പ്രതികരിക്കുകയാണ് വേണ്ടതെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി വൈസ് പ്രസിഡന്റ് അഡ്വ. ജലീൽ പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെ ആത്മവിശ്വാസം തകർക്കാനാവില്ലെന്നും ഇസ്ലാം കൂടുതൽ ശക്തിയോടെയും ശോഭയോടെയും ഉയർന്നുവരുമെന്നും സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) പ്രതിനിധി സുബൈർ ഹുദവി അഭിപ്രായപ്പെട്ടു.
ബാലിശമായ പ്രസ്താവനകളെ അവഗണിക്കുകയും ബഹുസ്വര സമൂഹത്തിൽ ജനാധിപത്യപരമായി പ്രതികരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. രാഷ്ട്രീയവും വംശീയവുമായ അജണ്ടകൾ ബി.ജെ.പിക്ക് ഉണ്ടെന്നും മുസ്ലിംകളെ വൈകാരികമായി ചൂഷണംചെയ്ത് അത് സംഘർഷമായി പരിവർത്തിപ്പിച്ച് വംശീയാക്രമണത്തിന് കോപ്പുകൂട്ടുകയാണെന്നും കെ.എംസി.സി നേതാവ് ഷാഫി കരുവാരകുണ്ട് ആരോപിച്ചു. പ്രവാചക ആദർശം സൈദ്ധാന്തികമായി നേരിടാൻ കഴിയാത്തവരാണ് പ്രവാചകനിന്ദക്ക് പിന്നിലെന്ന് ആർ.ഐ.സി.സി പ്രതിനിധി അബ്ദുല്ല ഹികമി പറഞ്ഞു.
അക്രമത്തിലേക്ക് വഴുതാതെ അസത്യ വാദങ്ങൾക്കെതിരെ പോരാടുകയാണ് വേണ്ടതെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി സഹൽ ആവശ്യപ്പെട്ടു. പ്രവാചകനിന്ദക്കെതിരെ പക്വമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് സാംസ്കാരിക പ്രവർത്തകനായ നൗഫൽ പാലക്കാടനും പറഞ്ഞു. യൂത്ത് ഇന്ത്യ പ്രതിനിധി അനസ് മാള, ഫോർക്ക ചെയർമാൻ സത്താർ കായംകുളം എന്നിവരും സംസാരിച്ചു. തനിമ ജനറൽ സെക്രട്ടറി സദ്റുദ്ദീൻ കീഴിശ്ശേരി സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഖലീൽ അബ്ദുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.