മക്ക: പുണ്യങ്ങൾ പെയ്തിറങ്ങുന്ന 27ാം രാവിൽ ഭക്തജനങ്ങളാൽ പ്രാർഥനാമുഖരിതമായി വിശുദ്ധ ഗേഹങ്ങൾ. സ്വദേശികളും രാജ്യത്തെ താമസക്കാരും വിദേശ തീർഥാടകരുമടക്കം ദശലക്ഷക്കണക്കിന് വിശ്വാസികളാണ് 27ാം രാവിന്റെ പുണ്യം തേടി മക്ക, മദീന ഹറമുകളിൽ സംഗമിച്ചത്.
തിങ്കളാഴ്ച രാവിലെ മുതൽ മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിൽനിന്ന് വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു. രാത്രിനമസ്കാരങ്ങളിൽ പെങ്കടുത്തും ഖുർആൻ പാരായണം നടത്തിയും പാപമോചനം തേടിയും പ്രാർഥനാനിരതരായും നേരം പുലരുംവരെ ഹറമുകളിൽ അവർ കഴിച്ചുകൂട്ടി.
നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയതോടെ ഈ വർഷം റമദാനിൽ ഹറമുകളിലേക്ക് വിശ്വാസികളുടെ വൻ ഒഴുക്കാണുണ്ടായത്. 27ാം രാവിലും ജനത്തിരക്കേറുകയായിരുന്നു. മുഴുസമയവും മക്ക ഹറമിനകവും പുറത്തെ മുറ്റങ്ങളും വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞു.
27ാം രാവിൽ ഹറമിലെത്തിയവരുടെ എണ്ണം 20 ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്. കൂടുതൽ സ്ഥലങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും നമസ്കാര വേളയിൽ അണികൾ പരിസരത്തെ റോഡുകളിലേക്ക് കവിഞ്ഞിരുന്നു.
മദീന മസ്ജിദുന്നബവിയിലും സ്വദേശികളും താമസക്കാരും സന്ദർശകരുമായി ലക്ഷങ്ങളാണ് സംഗമിച്ചത്. 27ാം രാവിലെ ആളുകളുടെ വർധിച്ച ഒഴുക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയവും അനുബന്ധ വകുപ്പുകളും ആവശ്യമായ മുൻകരുതലുകൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
മാനുഷികവും സാേങ്കതികവുമായ എല്ലാ സൗകര്യങ്ങളും പൂർണശേഷിയിൽ ഒരുക്കി. തിരക്ക് കുറക്കാൻ 118 കവാടങ്ങളും തുറന്നിട്ടു. മൂന്നു കവാടങ്ങൾ ഉംറ തീർഥാടകർക്കും 68 കവാടങ്ങൾ നമസ്കരിക്കാൻ വരുന്നവർക്കും 50 എണ്ണം അടിയന്തര സാഹചര്യങ്ങൾക്കും മാത്രമാക്കി നിജപ്പെടുത്തി.
തീർഥാടകർക്കും സന്ദർശകർക്കും അനായാസം കർമങ്ങൾ നിർവഹിക്കാനും മികച്ച സേവനത്തിനും കൂടുതൽ ജീവനക്കാരെയും തൊഴിലാളികളെയും വിവിധ വകുപ്പുകൾ നിയോഗിച്ചിരുന്നു. പ്രായമായവർക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ ഉന്തുവണ്ടികൾ കൂടുതൽ ഒരുക്കി.
ലിഫ്റ്റുകൾ മുഴുവൻ പ്രവർത്തിപ്പിച്ചു. ഹറമിനുള്ളിൽ എല്ലായിടത്തും തണുപ്പിച്ച സംസം ജലമെത്തിക്കുന്നത് ഇരട്ടിയാക്കി. ഹറമിനകത്തും മുറ്റങ്ങളിലുമായി 30,000 പാത്രങ്ങളിൽ സംസം വെള്ളം ഒരുക്കി. സംസം വിതരണത്തിനു മാത്രം 1,300 തൊഴിലാളികളെ നിയോഗിച്ചിരുന്നു.
കൂടാതെ സംസം ബാഗുകളിൽ ചുമന്ന് വിതരണം ചെയ്യുന്നതിന് പ്രത്യേകം ആളുകളെയും ഇവർക്ക് 300 മൊബൈൽ ബാഗുകളും ഒരുക്കി. ശുചീകരണ തൊഴിലാളികളുടെ എണ്ണവും വർധിപ്പിച്ചു. സുരക്ഷ നിരീക്ഷണത്തിന് വിവിധ സുരക്ഷ വകുപ്പുകൾക്ക് കീഴിൽ പഴുതടച്ച സംവിധാനമാണ് ഒരുക്കിയത്.
ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും വഴികളിലെ തടസ്സമൊഴിവാക്കാനും ഹറമിനകത്തും ചുറ്റും സുരക്ഷ ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. കാൽനടക്കാർക്ക് സൗകര്യമൊരുക്കാൻ പരിസരത്തെ റോഡുകളിൽ ട്രാഫിക് വകുപ്പ് ഗതാഗത നിയന്ത്രണവുമേർപ്പെടുത്തി.
ഹറമിനടുത്ത് തിരക്കൊഴിവാക്കാൻ വാഹനങ്ങൾ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. അവിടെനിന്ന് കുടുതൽ ബസുകൾ ഹറമിലേക്കും തിരിച്ചും ഏർപ്പെടുത്തിയിരുന്നു. 27ാം രാവിലെ പ്രവർത്തന പദ്ധതി വിജയകരമായിരുന്നുവെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.