12 നഗരങ്ങളിൽ വൻ വികസനം വരുന്നു; 'സൗദി ഡൗൺടൗൺ കമ്പനി' പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗൺടൗൺ കമ്പനി' പ്രഖ്യാപിച്ചു.

മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക് എന്നിവിടങ്ങളിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.


സ്വകാര്യ മേഖലക്കും നിക്ഷേപകർക്കും പങ്കാളിത്തം നൽകി ചില്ലറ വ്യാപാര സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയുടെ നിർമാണത്തിന് എസ്.ഡി.സി നേതൃത്വം നൽകും. സൗദിയുടെ വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരങ്ങളിൽനിന്നും പരമ്പരാഗത വാസ്തു രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും നഗര വികസനം നടപ്പാക്കുക.

സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതികൾ സഹായകമാകും. വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള നഗര വികസനം. സംരംഭകരുടെ വൈദഗ്ധ്യം പ്രാദേശികമായി ഉപയോഗപ്പെടുത്തും വിധമായിരിക്കും ധാരണകൾ രൂപപ്പെടുത്തുക.

വിഷൻ-2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യവത്കരണം ത്വരിതപ്പെടുത്താനും എണ്ണയിതര വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും കൂടി ലക്ഷ്യം വെക്കുന്നതാണ് തെരഞ്ഞെടുത്ത 12 നഗരങ്ങളുടെ വികസന പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു.

Tags:    
News Summary - Crown Prince MBS announced the 'Saudi Downtown Company'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.