റിയാദ്: രാജ്യത്തെ സ്പോർട്സ് ക്ലബുകൾക്കായുള്ള നിക്ഷേപ, സ്വകാര്യവത്കരണ പദ്ധതി അവതരിപ്പിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. സ്പോർട്സ് ക്ലബുകളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് പകരമായി പ്രമുഖ കമ്പനികളെയും കായിക വികസന ഏജൻസികളെയും കായിക രംഗത്ത് നിക്ഷേപം നടത്താൻ അനുവദിക്കുന്നതാണ് പദ്ധതി.
ലോകത്തിലെ ഏറ്റവും മികച്ച 10 പ്രഫഷനൽ ലീഗുകളുടെ പട്ടികയിലേക്ക് സൗദി ലീഗിനെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. സൗദി പ്രഫഷനൽ ലീഗിന്റെ മൂല്യം 300 മുതൽ 800 കോടി റിയാൽ വരെ ഉയർത്താൻ ഉദ്ദേശിച്ചുള്ള പദ്ധതി ലീഗിന്റെ പ്രതിവർഷ വരുമാനം നാലര കോടിയിൽനിന്ന് 18 കോടി റിയാലായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
സ്വകാര്യ പങ്കാളികൾക്ക് പ്രോത്സാഹനം നൽകിയും കായിക മേഖലയുടെ വികസനത്തിന് സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കിയും ഫലപ്രദമായ കായിക രംഗം കെട്ടിപ്പടുക്കുക എന്ന 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് സർക്കാർ ഈ പദ്ധതിയിലൂടെ. സൗദി ദേശീയ ടീമുകൾ, സ്പോർട്സ് ക്ലബുകൾ, കായിക പരിശീലകർ എന്നിവരെ ഉയർന്ന മികവിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സുസ്ഥിര കായിക സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിന് കായിക മേഖലയിൽ ഗുണനിലവാരമുള്ള അവസരങ്ങളും നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷവും സൃഷ്ടിക്കുക, സ്പോർട്സ് ക്ലബുകളുടെ നിലവാരം, അവയിലെ ഭരണ, സാമ്പത്തിക മേഖലയുടെ മേന്മ എന്നിവ ഉയർത്തുക, കായിക പ്രേമികൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ക്ലബുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ക്ലബുകളിൽനിന്ന് പൊതുജനങ്ങൾക്കുള്ള അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ പദ്ധതി ശ്രദ്ധയൂന്നുന്നു.
2030ഓടെ രാജ്യത്തെ വിവിധ കായിക മേഖലകളിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാനും പ്രാദേശിക, ആഗോള കായികരംഗത്ത് മികവുറ്റ തലമുറയെ സംഭാവന ചെയ്യാനും കൂടി ലക്ഷ്യമിട്ടാണ് ക്ലബുകളുടെ കൈമാറ്റവും സ്വകാര്യവത്കരണവും ഉൾക്കൊള്ളുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.