ഓർമകൾക്ക് രുചി പകരുന്ന ജീരകക്കഞ്ഞി

റിയാദ്‌: ഡോ. ഹസീന ഫുആദിന്റെ ഓർമകളിൽ റമദാൻ പൂത്തുലഞ്ഞു കിടക്കുകയാണിപ്പോഴും. ബാല്യ-കൗമാരത്തിന്‍റെ മണിച്ചെപ്പുകൾ തുറക്കുമ്പോൾ ഗൃഹാതുരതയുടെ ഒരായിരം വർണചിത്രങ്ങൾ വിരിയുകയായി. പ്രവാസി സാമൂഹിക പ്രവർത്തകയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ റിയാദ്‌ ആശുപത്രിയിൽ ഡെന്‍റൽ സർജനുമായ ഈ കായംകുളം സ്വദേശിനിക്ക് ചെറുപ്പകാലത്തെ റമദാൻ ഓർമകളാണ് ഏറ്റവും തിളക്കമുള്ളത്.

'ചെറുപ്പകാലത്ത് സായംസന്ധ്യയോടെ പ്രദേശത്തെ കുട്ടികളും മുതിർന്നവരും വീട്ടിലേക്ക് വരും. അവരുടെ കൈകളിൽ അന്നത്തെ പ്രധാന റമദാൻ വിഭവമായ ജീരകക്കഞ്ഞി വാങ്ങാൻ പാത്രവുമുണ്ടാവും. വലിയുമ്മയാണ് കഞ്ഞിയുടെ വിതരണക്കാരി. നിത്യവും ജീരകക്കഞ്ഞി വലിയ ചെമ്പിൽ പാകം ചെയ്തു വിതരണത്തിനായി തയാറാക്കും. പ്രത്യേക രുചിക്കൂട്ടുകൾ ചേർത്തുണ്ടാക്കിയ അതിന്‍റെ മണവും രുചിയും ഇപ്പോഴും സ്‌മൃതികളിൽ മായാതെ കിടക്കുന്നുണ്ട്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോഷകങ്ങളടങ്ങിയ ആരോഗ്യക്കഞ്ഞികൂടിയായിരുന്നു അത്. പഠനാവശ്യാർഥം തിരുവനന്തപുരം ഡെന്‍റൽ കോളജിലേക്ക് മാറുന്നത് വരെ ആ കാഴ്ചക്ക് മുടക്കം വന്നിട്ടില്ല' -ഡോ. ഹസീന ഫുവാദ് പറയുന്നു. 'വൈകുന്നേരമായാൽ ആശുപത്രിയിൽനിന്നും ഒരുപറ്റം ബിരുദ ബിരുദാനന്തര വിദ്യാർഥികൾ മെഡിക്കൽ കോളജ് ജങ്ഷനിലേക്ക് നടന്നുതുടങ്ങും. എല്ലാ റസ്റ്റാറന്‍റുകളിലും നോമ്പുതുറ വിഭവങ്ങൾകൊണ്ട് നിറഞ്ഞിരിക്കും. അവിടെ നിന്ന് ആവശ്യമായത് കഴിച്ച് കൂട്ടംകൂട്ടമായി ഹോട്ടലിലേക്ക് തിരികെ നടക്കും. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും സുഗന്ധം നിറഞ്ഞ മനോഹരമായ വൈകുന്നേരങ്ങളായിരുന്നു അവയെന്നും ഹസീന ഓർക്കുന്നു.

എന്നാൽ, പുലർച്ച കഴിക്കാനുള്ള 'അത്താഴം' മെൻസ് ഹോസ്റ്റലിൽനിന്ന് ആൺകുട്ടികൾ പാകം ചെയ്ത് ഞങ്ങൾക്കെത്തിക്കുകയായിരുന്നു പതിവ്. റമദാൻ കാലത്ത് ഏതാനും ആൺകുട്ടികൾ സ്വയം ഏറ്റെടുത്തു ചെയ്യുന്ന പുണ്യപ്രവൃത്തിയായിരുന്നു അത്. അവരുടെ പ്രതിബദ്ധതയും സാഹസികതയും ഒരിക്കലും മറക്കാനാവില്ല. വെളുപ്പിന് നാലിന് ഒരു ബൈക്കിൽ വിഭവങ്ങളുമായി അവർ എത്തും. അതും കഴിച്ച് ഞങ്ങൾ പുതിയ പ്രഭാതത്തെയും നോമ്പിനെയും വരവേൽക്കും. പങ്കുവെക്കലിന്‍റെയും പരസ്പര സഹകരണത്തിന്‍റെയും അനുഭവങ്ങൾ തുടിച്ചുനിൽക്കുന്നതാണ് റമദാൻ കാലം.

Tags:    
News Summary - Cumin porridge to taste for memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.