റിയാദ്: സൈബർ ഇടങ്ങളെക്കുറിച്ചും അത് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുവാൻ റിയാദ് മോഡേൺ ഇന്റർനാഷനൽ സ്കൂൾ പഠനപരിപാടി സംഘടിപ്പിച്ചു. 'സുരക്ഷിതമായ വിദ്യാലയങ്ങളും വീടുകളും' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ഈ രംഗത്തെ വിദഗ്ധന്മാരായ ഡോ. ടി.പി മുഹമ്മദ്, അമീർ അലി എന്നിവർ സംസാരിച്ചു. പുതിയ കണക്കു പ്രകാരം ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികളിൽ വലിയൊരു ശതമാനം സൈബർ ബുള്ളിങ്ങിനോ അറ്റാക്കിനോ വിധേയമാകുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണിത് ഇന്ത്യയിൽ സംഭവിക്കുന്നത്. അതിനാൽ കുട്ടികൾക്ക് നിർബന്ധമായും മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും റോഡിൽ സുരക്ഷിതമാക്കുന്നത് പോലെ, ഇന്റർനെറ്റ് നിയമങ്ങൾ ഓൺലൈനിൽ ദോഷകരമായ ഉള്ളടക്കം, സൈബർ ഭീഷണികൾ, അനാശാസ്യ പെരുമാറ്റം എന്നിവയിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. ഇന്റർനെറ്റ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും വ്യത്യസ്തമായ രീതിയിലാണെങ്കിലും അതത് പരിതസ്ഥിതികളിൽ ക്രമവും സുരക്ഷയും നിലനിർത്താൻ ഈ സമീകരണം നമ്മെ സഹായിക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവർക്കും സൈബർ സുരക്ഷ നിർണായകമാണെന്ന് അവതാരകർ പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.