റിയാദ്: നാല് മാസം നീളുന്ന ‘ദറഇയ സീസൺ 23-24’ന് അടുത്തമാസം കൊടിയേറും. ദറഇയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ ദറഇയ കമ്പനി അവതരിപ്പിക്കുന്ന സീസൺ രാജ്യത്തിന്റെ പ്രധാന പൈതൃകോത്സവങ്ങളിലൊന്നാണ്.
സൗദി അറേബ്യ പിറവികൊണ്ട ദറഇയ മേഖലയുടെ പൈതൃകവും ചരിത്രവും സമന്വയിപ്പിച്ചുള്ള കലാവിരുന്നായിരിക്കും സീസണിൽ അരങ്ങേറുക. 600 വർഷത്തെ ചരിത്രം പറയുന്ന പൗരാണിക നഗരത്തിൽ സന്ദർശകർക്ക് പുരാതന അറേബ്യയിലെത്തിയ പോലുള്ള പ്രതീതി അനുഭവമുണ്ടാകും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള കലാകാരന്മാരും കായികതാരങ്ങളും പ്രതിഭകളും പങ്കെടുക്കുന്ന പരിപാടി ആസ്വദിക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ സൗദിയിലെത്തും. ദറഇയ മേഖലയിലെ പാർക്കുകൾ, താഴ്വാരങ്ങൾ, ബുജൈരി ടെറസ്, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ അൽ തുറൈഫ് എന്നീ മേഖലകൾ ഉൾപ്പെടെ ദറഇയയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സീസണിന്റെ വേദികളുണ്ടാകും. വിവിധ വിഷയങ്ങൾ ഇതിവൃത്തമാക്കിയുള്ള ആർട്ട് പ്രദർശനം സീസണിന്റെ ഭാഗമായി നടക്കും.
പാചക പരിപാടികൾ, ലൈവ് മ്യൂസിക്കൽ ഇവന്റ്, തിയറ്റർ പ്രകടനങ്ങൾ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദറഇയ ഇ-പ്രിക്സ് ചാമ്പ്യൻഷിപ്, കുതിരസവാരി, ക്യാമ്പിങ്, സ്റ്റാർ ഗേസിങ് തുടങ്ങിയ വ്യത്യസ്ത വിനോദ പരിപാടികൾക്കും സീസൺ വേദിയാകും. രാജ്യത്തെ ഏറ്റവും വലിയ വിനോദോത്സവമായ റിയാദ് സീസൺ ഒക്ടോബർ 27നാണ് ആരംഭിച്ചത്. നാലു മാസം നീളുന്ന ഈ സീസണുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ തുടരുകയാണ്. അതിനിടയിൽ ദറഇയ സീസൺ കൂടി ആരംഭിക്കുന്നതോടെ സൗദി തലസ്ഥാന നഗരമായ റിയാദ് അക്ഷരാർഥത്തിൽ ആഘോഷാരവങ്ങളിൽ അമരും.
രാജ്യം തണുപ്പ് കാലത്തിലേക്ക് കടന്നിരിക്കെ ഇനിയുള്ള രാപ്പകലുകൾക്ക് റിയാദ്, ദറഇയ സീസണുകൾ ഉത്സവാന്തരീക്ഷത്തിന്റെ ചൂട് പകരും. തണുപ്പുകാലം സൗദി അറേബ്യക്ക് ഉത്സവകാലം കൂടിയാണ്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സാംസ്കാരിക മന്ത്രാലയവും എന്റർടൈൻമെന്റ് അതോറിറ്റിയും സംഘാടകരായുള്ള വ്യത്യസ്ത പരിപാടികൾ അരങ്ങേറുന്നുണ്ട്. മാർച്ച് അവസാന വാരം വരെ പരിപാടികൾ തുടരും. ഇനി രാത്രി കാലങ്ങളിൽ നഗരവും തെരുവുകളും സജീവമാകും. റമദാൻ വരെ ഉത്സവകാലം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.