മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തി മക്കയിൽ മരിച്ച മണിപ്പൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി. മണിപ്പൂർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ് അബ്ദുറബ്ബിന്റെ (57) മൃതദേഹമാണ് മസ്ജിദുൽ ഹറാമിലെ ജനാസ നമസ്കാര ശേഷം ഖബറടക്കിയത്.
ഹജ്ജ് കഴിഞ്ഞ് തൊട്ടുടനെയുള്ള വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ നാട്ടിൽനിന്ന് പശ്ചിമ ബംഗാൾ ത്വയ്ബ ഗാർഡൻ മേധാവി സുഹൈറുദ്ദീൻ നൂറാനിയുടെ സഹായത്തോടെ മരുമകനും മണിപ്പൂർ സ്റ്റേറ്റ് എസ്.എസ്.എഫ് മുൻ പ്രസിഡന്റ് കൂടിയായ ജാവേദ് ഉസ്മാനി മക്കയിലെ ഐ.സി.എഫ് നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നു.
ഐ.സി.എഫ് പ്രവർത്തകരുടെ തിരച്ചിലിൽ ഇദ്ദേഹം മരിച്ചതായി വിവരം ലഭിക്കുകയും മക്കയിലെ ശീഷ ആശുപത്രിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ അൻവറാ ബീഗവും രണ്ടു ആൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
മരണാനന്തര കർമങ്ങൾക്കും മറ്റും ഐ.സി.എഫ് ഭാരവാഹികളായ ഹുസൈൻ ഹാജി കൊടിഞ്ഞി, റഷീദ് അസ്ഹരി, ശംസുദ്ദീൻ അഹ്സനി, ജമാൽ കക്കാട്, ഷാഫി ബാഖവി, സുഹൈർ കോതമംഗലം, അലി കുട്ടി പുളിയക്കോട്, അബൂബക്കർ മിസ്ബാഹി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.