ജിദ്ദ: യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലുള്ളവർക്ക് ഹജ്ജ് രജിസ്ട്രേഷനുള്ള ഇലക്ട്രോണിക് സംവിധാനം നിലവിൽവന്നു.
തീർഥാടന സേവനരംഗത്തെ ഡിജിറ്റൽ സാധ്യതകൾ വികസിപ്പിക്കുന്നതിന്റെയും നേരിട്ടുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെയും ചെലവ് കുറക്കുന്നതിന്റെയും ഭാഗമായാണ് ഇ-സംവിധാനം ഹജ്ജ് ഉംറ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജിന് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലിലൂടെ പാക്കേജുകളും സേവനങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
ഇലക്ട്രോണിക് രീതിയിൽ വിസ ലഭിക്കാനും സാധിക്കും.അപേക്ഷകൻ വിദേശതീർഥാടകർക്ക് നിശ്ചയിച്ച നിബന്ധനകൾ പൂർണമായും പാലിച്ചെന്ന് ഉറപ്പുവരുത്തിയായിരിക്കും വിസ അനുവദിക്കുക. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കായിരിക്കും മുൻഗണന.
തമ്പുകൾ കൈമാറുന്നു
ജിദ്ദ: ഹജ്ജിനു മുന്നോടിയായി അറഫയിലെ തമ്പുകൾ ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് കൈമാറുന്ന നടപടികൾ ആരംഭിച്ചു. കോഓഡിനേഷൻ കൗൺസിലിന്റെ സഹകരണത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് അറഫയിലെ തമ്പുകളുടെ കൈമാറ്റം ആരംഭിച്ചത്.
ഹജ്ജിന് തെരഞ്ഞെടുക്കുന്നവരുടെ പേരുകൾ പ്രഖ്യാപിക്കുന്നതിനനുസരിച്ച് കമ്പനികൾ തമ്പുകളിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കും. ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കുള്ള തമ്പുകളാണ് ഈ വർഷം അറഫയിലൊരുക്കുക.
ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്ക ഹറമിലെ രോഗപ്രതിരോധ, അണുനശീകരണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഇരുഹറം കാര്യാലയത്തിന് പരിസ്ഥിതി, പകർച്ചവ്യാധി കൺട്രോൾ വകുപ്പാണ് ഹറമിനുള്ളിലും മുറ്റങ്ങളിലും സ്ഥാപിച്ച ഉപകരണങ്ങളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. അണുനശീകരണ റോബോട്ടുകൾ, ബയോകെയർ ഉപകരണങ്ങൾ, ഇലക്ട്രോണിക് സ്റ്റെറിലൈസറുകൾ, അണുനശീകരണ പമ്പുകൾ എന്നിവ സജ്ജമാണെന്ന് ഉറപ്പാക്കുകയാണ് അറ്റകുറ്റപ്പണിയുടെ ലക്ഷ്യമെന്ന് വകുപ്പ് മേധാവി ഹസൻ അൽസുവൈഹരി പറഞ്ഞു. മൊത്തം 1250ലധികം ഉപകരണങ്ങൾ ഹറമിലുണ്ട്.
തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പുനൽകുന്നതിനും പകർച്ചവ്യാധിരഹിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സംവിധാനങ്ങൾക്ക് വേണ്ട പദാർഥങ്ങൾ ലഭ്യമാണെന്നും ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യസുരക്ഷക്കായി ഒരുക്കിയ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് മുഴുസമയ സാങ്കേതികസംഘം രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ: പുണ്യസ്ഥലങ്ങളിലേക്ക് ഒട്ടകങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസുകൾ പകരുന്നത് തടയുന്നതിനുള്ള ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായാണിതെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ബ്രാഞ്ച് ഓഫിസ് മേധാവി എൻജി. സഈദ് അൽഗാംദി അറിയിച്ചു.
തുറമുഖങ്ങൾ വഴി കൊണ്ടുവരുന്ന കാലികളുടെ ആരോഗ്യ സുരക്ഷ പരിശോധിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷലൈസ്ഡ് വെറ്ററിനറി കേഡർമാരുണ്ടാകും. മക്കയിലെ കാക്കിയ, ശുമൈസി അൽഖദീം, നൗവാരിയ, അൽഹദ, ജഅ്റാന, അൽഹുസൈനിയ എന്നിവിടങ്ങളിലെ ചെക്ക്പോയന്റുകളിൽ ഏഴ് ടീമുകളെ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ഫീൽഡ് വെറ്ററിനറി ടീമുകളുണ്ടാകും. വെറ്ററിനറി വ്യക്തികളുടെ കാര്യക്ഷമതയും സന്നദ്ധതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നതായും പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ബ്രാഞ്ച് ഓഫിസ് മേധാവി പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.