റിയാദ്: ലൈസൻസില്ലാതെ ഡിസ്കൗണ്ട് വിൽപനയും മത്സരങ്ങളും സംഘടിപ്പിച്ച 44 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി. വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി നിയമപരമായ പിഴകൾ ചുമത്തുന്ന നടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ സ്റ്റോറുകളും ഉപഭോക്താക്കൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കാനും ഡിസ്കൗണ്ടുകൾ ഏർപ്പെടുത്താനും ലൈസൻസ് നേടണം. അത് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാണിജ്യ പ്രവർത്തനങ്ങളെ പിടികൂടുകയും ചെയ്യുന്നുണ്ട്. മത്സരങ്ങളോ ഡിസ്കൗണ്ടുകളോ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും ഓൺലൈൻ സ്റ്റോറുകളും മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണം. ലൈസൻസില്ലാതെ സംഘടിപ്പിക്കുന്നത് വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കും.
വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മൂന്നു വർഷം തടവും 10 ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും ശിക്ഷയും കൂടി ചുമത്തും. കൂടാതെ കോടതി വിധികൾ പുറപ്പെടുവിച്ചതിനുശേഷം നിയമലംഘകരെ സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.