ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി സി.എ മൂസ മൗലവി, ഡി.കെ.ഐ.സി.സി നേതാക്കൾ എന്നിവർ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി സംഘടന ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി നിലവിൽവന്നു

ജിദ്ദ: ഏഴു പതിറ്റാണ്ടായി ഉലമാക്കൾ, ഉമറാക്കൾ, യുവജനങ്ങൾ, വിദ്യർഥികൾ എന്നിവരെയെല്ലാം ഒന്നിച്ചു ചേർത്ത് കക്ഷി രാഷ്ട്രീയ വിഭാഗീയ ചിന്താഗതിക്കൾക്കതീതമായി വ്യവസ്ഥാപിതമായി തെക്കൻ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള പോഷക സംഘടനകളെല്ലാം ഇനിമുതൽ ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻറർ (ഡി.കെ.ഐ.സി.സി) എന്ന പേരിൽ ഏകീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി നിലവിൽവന്നതായി ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സ്റ്റേറ്റ് സെക്രട്ടറി സി.എ മൂസ മൗലവി മുവാറ്റുപുഴ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെയും അദ്ദേഹം പ്രഖ്യാപിച്ചു.

വിവിധ രാജ്യങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ടവർ കെ.എം.ജെ.എഫ്, കെ.എം.വൈ.എഫ് തുടങ്ങി വിവിധ പേരുകളിലും പ്രാദേശിക കൂട്ടായ്മകളായും പ്രവർത്തിച്ചു വരികയായിരുന്നു. ഇവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ടാണ് പുതിയ പേരിൽ ഏകീകൃത സംഘടന നിലവിൽ വന്നത്. മാനവ ഐക്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സേവന, സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക ജീർണ്ണതകൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ, പ്രവാസികളുടെ മത, സാംസ്കാരിക, നിയമ ബോധവൽക്കരണ, ക്ഷേമ പ്രവർത്തനങ്ങൾ, അവരുടെ പുനരധിവാസ പ്രക്രിയകൾക്ക് നേതൃത്വം നൽകൽ തുടങ്ങിയവ സംഘടനയുടെ ലക്ഷ്യങ്ങളാണ്. ഭീകര പ്രവർത്തനങ്ങൾക്ക് മതമില്ല എന്നിരിക്കെ അത് ഒരു സമുദായത്തിൻ്റെ മേൽ കെട്ടിവെക്കാനും അവരെ പ്രതിക്കൂട്ടിലാക്കാനും ചിലർ നടത്തിവരുന്ന പ്രവർത്തനങ്ങൾ അപലപനീയമാണ്. വിശ്വമാനവികതക്കു വേണ്ടി എന്നും നിലകൊള്ളുന്ന നിലപാടാണ് എല്ലാ ഇസ്ലാമിക സംഘടനകൾക്കുമുള്ളത്. അതേ നിലപാടു തന്നെയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയും അനുവർത്തിച്ചു പോരുന്നത്. പ്രവാസ ലോകത്തു നിന്നും നേടിയെടുക്കുന്ന മനുഷ്യ സ്നേഹം മാതൃകയാക്കിയും കളങ്കപ്പെടുത്താതെയും അത്തരം വികാരം അന്യമായി കൊണ്ടിരിക്കുന്ന നമ്മുടെ മാതൃ രാജ്യത്ത് അത് നിലനിർത്തുകയും നഷ്ടമായത് വീണ്ടെടുക്കുകയും ചെയ്യുക എന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത് പ്രാബല്യത്തിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ പ്രവാസി കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമായി മാനവ ഐക്യത്തെ പ്രധാന മുദ്രാവാക്യമാക്കിയതെന്നും സി.എ മൂസ മൗലവി മുവാറ്റുപുഴ പറഞ്ഞു. വിശ്വാസി ആരായിരുന്നാലും അവർ പവിത്രമായി കാണുന്ന ആരാധനാലയം പൊളിച്ച് അവിടെ മറ്റൊന്നു സ്ഥാപിക്കുന്നതിനെ ഇസ്ലാം മാത്രമല്ല മറ്റ് മതങ്ങളും അനുകൂലിക്കുന്നില്ല. ദൈവീക പ്രീതിക്കുവേണ്ടി എന്ന നിലയിൽ ഒരു വിശ്വാസിക്ക് അതു ചെയ്യാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്താ

ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, മനാഫ് മൗലവി അൽ ബദ്‌രി പനവൂർ, സൈദ് മുഹമ്മദ് മൗലവിൽ അൽ ഖാശിഫി കാഞ്ഞിരപ്പള്ളി, മസ്ഊദ് മൗലവി ബാലരാമപുരം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - DKICC Global Committee, the expatriate organization of Dakshina Kerala Jamiatul Ulama, has come into being.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.