റിയാദ്: ഇസ്രായേൽ അധിനിവേശ സേന ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന എല്ലാത്തരം കുറ്റകൃത്യങ്ങളെയും സൗദി അറേബ്യ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലീദ് അൽഖുറൈജി ആവർത്തിച്ചു. കാമറൂൺ തലസ്ഥാനമായ യൗണ്ടെ നഗരത്തിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ 50ാം സെഷനിൽ പെങ്കടുത്തപ്പോഴാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇസ്രായേൽ സേന അന്താരാഷ്ട്ര പ്രമേയങ്ങളെയും നിയമങ്ങളെയും കുറിച്ച് ശ്രദ്ധിക്കുന്നില്ല. ഇത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ജീവൻ അപഹരിച്ചു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും നിരപരാധികളുമാണ്. അന്താരാഷ്ട്ര ഉത്തരവാദിത്തത്തിന്റെ അഭാവത്തിനും പ്രതിരോധ നടപടികൾ കൈക്കൊള്ളാനുള്ള യു.എൻ സുരക്ഷ കൗൺസിലിന്റെ കഴിവില്ലായ്മക്കും ഇടയിലാണിതെല്ലാം സംഭവിക്കുന്നതെന്നും അൽ ഖുറൈജി പറഞ്ഞു.
കിങ് സൽമാൻ റിലീഫ് സെന്റർ ആരംഭിച്ച ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ആശ്വാസം നൽകുന്നതിനുള്ള ജനകീയ കാമ്പയിനിലൂടെ ഗസ്സയിലെ സാധാരണക്കാർക്ക് ജനകീയ പങ്കാളിത്തത്തോടെ സൗദി ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുകയാണ്. സംഭാവനകളുടെ മൂല്യം ഇപ്പോൾ 18.5 കോടി ഡോളറിലധികം എത്തിയിരിക്കുന്നു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണം തടയാൻ സഹോദര രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽനിന്ന് ഉയർന്നുവന്ന മന്ത്രിതല സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നുകൊണ്ട് പല പാശ്ചാത്യ രാജ്യങ്ങളും സന്ദർശിക്കുകയുണ്ടായി. ഇത് പല രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് കാരണമായെന്നും അൽ ഖുറൈജി സൂചിപ്പിച്ചു.
ആഭ്യന്തര സംഘർഷം നേരിടുന്ന സുഡാനിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സൗദിയുടെ ഉറച്ചനിലപാടുകൾ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വീണ്ടും ഊന്നിപ്പറഞ്ഞു. സുഡാനിലെ കൂടുതൽ ദുരിതങ്ങൾ ഒഴിവാക്കുന്നതിന് സുഡാനീസ് പ്രതിസന്ധിയിലെ കക്ഷികൾ സംഭാഷണത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ആഹ്വാനം ആവർത്തിച്ചു.
യമനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെയും അവിടെ സമാധാനം തിരികെ കൊണ്ടുവരുന്നതിനും സുരക്ഷിതത്വവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളെയും തന്റെ രാജ്യം പിന്തുണക്കുന്നത് തുടരുകയാണെന്ന് ഡെപ്യൂട്ടി മന്ത്രി ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കാനും സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുമുള്ള രാജ്യത്തിന്റെ മുൻകൈ ആവർത്തിക്കുന്നു.
ചെങ്കടൽ മേഖലയിൽ രൂക്ഷമാകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇത് അന്താരാഷ്ട്ര ഷിപ്പിങ് പാതകളുടെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും നാവിഗേഷൻ സ്വാതന്ത്ര്യത്തെയും ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചയെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും വിദേശകാര്യ ഡെപ്യൂട്ടി സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.