തബൂക്ക്: ചൈനീസ് അധ്യാപകർക്ക് സൗദിയിൽ ഊഷ്മള വരവേൽപ്. ചൈനയിൽനിന്ന് വന്ന വനിതകളും പുരുഷന്മാരും ഉൾപ്പെടുന്ന അധ്യാപകർക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്. അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയ അധ്യാപകരെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ്, വിദ്യാഭ്യാസ പെർഫോമൻസ് ഡയറക്ടർ, മേഖലയിലെ നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിച്ചു.
സൗദിയും ചൈനയും തമ്മിലുള്ള സൗഹൃദപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ ആഴം അവർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിൽ ചൈനീസ് അധ്യാപകർ സന്തോഷം പ്രകടിപ്പിച്ചു.
സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനാണ് പുതിയ അധ്യയന വർഷാരംഭത്തിൽ ജോലിയിൽ പ്രവേശിക്കാനായി ചൈനീസ് അധ്യാപകരെത്തിയത്. സൗദിയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സഹകരണത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
അതേസമയം, സൗദി സ്കൂളുകളിൽ ജോലിക്ക് നിയോഗിക്കുന്നതിന്റെ മുന്നോടിയായി ചൈനയിൽ അധ്യാപകർക്കായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിചയപ്പെടുത്തൽ പരിപാടി സംഘടിപ്പിച്ചു. പ്രധാനമായും നിലവിലെ അധ്യയന വർഷത്തിലെ അവരുടെ ചുമതലകൾ ബോധ്യപ്പെടുത്തുന്നതിനാണിത്.
ഒരാഴ്ച നീളുന്ന പരിപാടികളിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിചയപ്പെടുത്തുന്ന ശിൽപശാലകൾ, ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികവും നാഗരികവുമായ ലാൻഡ്മാർക്കുകളിലേക്കുള്ള സന്ദർശനങ്ങൾ, സൗദി സംസ്കാരം പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിപാടികൾ എന്നിവ ഇതിലുൾപ്പെടും.
തുടക്കത്തിൽ റിയാദ്, യാംബു, കിഴക്കൻ പ്രവിശ്യ, ജിദ്ദ, ജിസാൻ, തബൂക്ക് എന്നീ ആറ് മേഖലകളിലെ സ്കൂളുകളിലാണ് ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്. സ്കൂളുകളുടെ വിവരങ്ങൾ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളിൽ അറബിക്കും ഇംഗ്ലീഷിനുമൊപ്പം ചൈനീസ് ഭാഷ മൂന്നാം ഭാഷയായി പഠിപ്പിക്കാൻ 2023 മാർച്ചിലാണ് മന്ത്രിസഭ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.