കോവിഡ് മുക്തരായ രോഗികളുടെ സാധാരണ പരാതിയാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് കാരണം വൈറസാണെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ, രോഗബാധിതരുടെ ശാരീരികവും വൈകാരികവുമായ സമ്മർദം താൽക്കാലികമായ മുടി കൊഴിച്ചിലിന് കാരണമായേക്കാം.
അണുബാധയുണ്ടായി രണ്ടു മൂന്നു മാസത്തിനു ശേഷമാണ് പലരിലും മുടികൊഴിച്ചിൽ കാണുന്നത്. പനി, പ്രസവം, വൈകാരിക സമ്മർദം എന്നിവ സാധാരണ രീതിയിൽ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള മുടികൊഴിച്ചിലിെൻറ മെഡിക്കൽ പദം ടെലോജൻ എഫ്ലൂവിയം എന്നാണ്.
കുളിക്കുമ്പോഴോ തലമുടി ചീകുമ്പോഴോ ഒരുപിടി മുടി വേരുകളിൽ നിന്നു പുറത്തുവരാം. തലയോട്ടിയിലുടനീളം മുടി കൊഴിച്ചിൽ സംഭവിക്കുന്നുണ്ട്. ഇത് ആറു മുതൽ ഒമ്പതുമാസം വരെ നീണ്ടുനിൽക്കാം. സാധാരണയേക്കാൾ കൂടുതൽ രോമങ്ങൾ ഒരേസമയം മുടി വളർച്ച ചക്രത്തിെൻറ വിശ്രമ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ടൈലോജൻ എഫ്ലൂവിയം സംഭവിക്കുന്നു. ഒരു വ്യക്തിയുടെ മുടിയുടെ 10 ശതമാനം വിശ്രമഘട്ടത്തിലും 90 ശതമാനം സജീവ വളർച്ച ഘട്ടത്തിലുമാണുള്ളത്.
നിങ്ങളുടെ ശരീരത്തിന് കോവിഡ് പോലെ ശക്തമായ ആഘാതം അനുഭവപ്പെടുകയാണെങ്കിൽ ശരീരം അതിെൻറ ജീവൻ നിലനിർത്തുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുടിയുടെ വളർച്ച അതിജീവനത്തിെൻറ ഭാഗമല്ല. അതിനാൽ മുടിയുടെ 50 ശതമാനം വരെ വിശ്രമഘട്ടത്തിലേക്ക് മാറും. ഇത് രണ്ടു മൂന്നു മാസംവരെ നീണ്ടുനിൽക്കുകയും രോമങ്ങൾ സ്വാഭാവികമായി കൊഴിഞ്ഞുവീഴുകയും ചെയ്യുന്നു.
തലയോട്ടിയിൽ നിന്നും ധാരാളമായി മുടി കൊഴിഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദം ഈ അവസ്ഥയുടെ കാഠിന്യം വർധിപ്പിക്കുന്നു. സാധാരണയായി പ്രതിദിനം നൂറു മുടിയിഴകൾ വരെ കൊഴിയാം. എന്നാൽ, ടൈലോജൻ എഫ്ലൂവിയത്തിൽ മൂന്നൂറോളം മുടിയിഴകൾ കൊഴിയുന്നു. ഇത് ആറു മാസം വരെ നീണ്ടു നിൽക്കാം.
ടൈലോജൻ എഫ്ലൂവിയം താൽക്കാലികമായ അവസ്ഥയാണ്. ക്രമേണ തലമുടി തിരികെ വരും. പക്ഷേ, ആശങ്കപ്പെട്ടാൽ മുടികൊഴിച്ചിൽ വീണ്ടും വർധിക്കും. ഇതിനെ കുറിച്ച് രോഗിയെ പറഞ്ഞു മനസ്സിലാക്കേണ്ടത് ചികിത്സയുടെ നിർണായക ഭാഗമാണ്. ആരോഗ്യകരമായ ജീവിത ശൈലി ഉറപ്പാക്കുക എന്നതും പ്രധാനമാണ്.
ചീര, കാപ്സിക്കം, അവോക്കാഡോ, ഓറഞ്ച്, മാതളനാരങ്ങ എന്നിവയും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. സാൽമൺ, മത്തി, ട്യൂണ, പയറുവർഗ്ഗങ്ങൾ, ബദാം, വാൾനട്ട് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ധാരാളം കഴിക്കാൻ ശ്രമിക്കുക.
പ്രതിദിനം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളം കുടിക്കുക. നടത്തം, യോഗ, ധ്യാനം എന്നിവ ഉൾപ്പെടുന്ന വ്യായാമ മുറകൾ ശീലമാക്കുക. ഇതിലൂടെ മാനസിക സമ്മർദം കുറക്കാൻ സാധിക്കും. ആറു മുതൽ എട്ടു മണിക്കൂർവരെ ഉറങ്ങേണ്ടതും അത്യാവശ്യമാണ്. ഹെയർ സ്റ്റൈലിങ് ചികിത്സകളും ഉൽപന്നങ്ങളും ഒഴിവാക്കുക. ഇരുമ്പു സിങ്ക്, ബയോടിൻ, വിറ്റമിൻ ഡി എന്നിവ അടങ്ങിയ ഗുളികകളും കഴിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.