ജുബൈൽ: സൗദിയിലെ താപനില അനുദിനം വർധിക്കുന്നതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. പവർ ബാങ്കുകൾ, ഫോൺ ബാറ്ററികൾ, എയ്റോസോൾ, സിഗരറ്റ് ലൈറ്ററുകൾ, സുഗന്ധദ്രവ്യങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ഹാൻഡ് സാനിറ്റൈസർ കുപ്പികൾ തുടങ്ങിയവ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ കാരണമാകുമെന്നതിനാൽ സുരക്ഷക്കായി വാഹനങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നാണ് നിർദേശം.ഏറ്റവും അപകടകരമായ ഇനങ്ങളിൽ ഒന്നാണ് ഹാൻഡ് സാനിറ്റൈസർ. അതിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന വിധത്തിൽ വെച്ചാൽ വളരെ വേഗം തീപിടിക്കും. കാറുകളിൽ ഗുണനിലവാരം കുറഞ്ഞ പവർ ബാങ്കുകൾ പൊട്ടിത്തെറിച്ച് കേടുപാടുകൾക്കും പരിക്കുകൾക്കും കാരണമായ നിരവധി കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദി നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ബുധനാഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു. വാദി അൽദവാസറും അൽ-അഹ്സയും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 47 ഡിഗ്രിക്കും 48 ഡിഗ്രിക്കും ഇടയിലാണ് ചൂട്. നജ്റാനിലെ ആകാശം മേഘാവൃതമായിരുന്നു. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ പെയ്തു.
കടുത്ത ചൂട് ഈയാഴ്ച റിയാദിലെ നഗരവാസികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കി. ചുട്ടുപൊള്ളുന്ന റോഡുകളിൽ കാറിന്റെ ടയറുകൾ ഉരുകിയതായി റിപ്പോർട്ടുണ്ട്. ഈയാഴ്ച റിയാദിലെ പരമാവധി താപനില 45 ഡിഗ്രിയാണ്. ഉഷ്ണതരംഗം വാരാന്ത്യം വരെ തുടരും. മക്ക മേഖലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.