റിയാദ്: മൊബൈൽ ഫോണിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? സൗദി പൊലീസിന്റെ ശ്രദ്ധയിൽപെട്ടാൽ പണി കിട്ടും. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ എന്തായാലും ശിക്ഷ ഉറപ്പാണ്. നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ‘വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്’ (വി.പി.എൻ). പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, സൗദിയിൽ നിലവിൽ തടയപ്പെട്ട സൈറ്റുകളും ആപ്ലിക്കേഷനുകളുമെല്ലാം എളുപ്പത്തിൽ തുറക്കാനാവും. വാട്സ്ആപ് ഓഡിയോ വിഡിയോ കാളിന് സൗദിയിൽ വിലക്കുള്ളതിനാൽ അത് ലഭ്യമാക്കാനും ആളുകൾ വി.പി.എൻ പഴുത് ഉപയോഗപ്പെടുത്താറുണ്ട്.
ഇതുപോലെ തടയപ്പെട്ട പല ആപ്പുകളുടെയും ഏതാണ്ടെല്ലാ സേവനങ്ങളും ലഭ്യമാക്കാൻ പലരും നിയമത്തെയും ശിക്ഷയേയും കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ തങ്ങളുടെ ഫോണുകളിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്യാറുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യവും സാമൂഹികവുമായ മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായതും രാജ്യരക്ഷ അപകടത്തിലാക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത് സൗദിയിൽ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) ആണ്. പൊലീസോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഫോണിൽ വി.പി.എൻ കണ്ടെത്തിയാൽ നിയമനടപടിക്ക് പിന്നെ കാലതാമസമുണ്ടാവില്ലെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ.
വി.പി.എൻ ഇൻസ്റ്റാൾ ചെയ്തശേഷം അത് ഫോണിൽ ഒളിപ്പിച്ചിട്ടാലും സംശയം തോന്നുന്നപക്ഷം പൊലീസിന് നിഷ്പ്രയാസം ട്രാക്ക് ചെയ്ത് കണ്ടെത്താൻ കഴിയും. ഇതിന് പുറമെ നിരോധിക്കപ്പെട്ട ഏതെങ്കിലും വെബ്സൈറ്റ് തുറന്നതായി തെളിഞ്ഞാൽ രാജ്യത്തെ ആൻറി സൈബർ ക്രൈം നിയമം ആർട്ടിക്കിൾ മൂന്ന് പ്രകാരം അഞ്ച് ലക്ഷം റിയാലാണ് പിഴ.
ലൈംഗിക ഉള്ളടക്കങ്ങളുള്ള ഏതാണ്ട് 60,000 വെബ്സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചിട്ടുള്ളത്. അതുപോലെ അർധ നഗ്നത വെളിവാക്കുന്ന സൈറ്റുകൾ, എൽ.ജി.ബി.ടി അവകാശങ്ങളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകൾ, ഡേറ്റിങ് ആപ്പുകളും സൈറ്റുകളും, രാജ്യത്തിനും ഗവൺമെൻറ് നയങ്ങൾക്കും എതിരായ ഉള്ളടക്കങ്ങളുള്ള ന്യൂസ് പോർട്ടലുകൾ, തദ്ദേശീയ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതും അസ്ഥിരതയും അരാജകത്വും അതിക്രമങ്ങളും വിഭാഗീയതയും സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകൾ.
രാജ്യസുരക്ഷക്കും ജനങ്ങളുടെ സമാധാനത്തിനും ഭീഷണിയായ ഭീകരവാദ, തീവ്രവാദ സംഘടനകളുടെയും രാജ്യം നിരോധിച്ച സംഘടനകളുടെയും പോർട്ടലുകൾ, ഹാക്കിങ് സോഫ്റ്റുവെയറുകൾ നൽകുന്ന വെബ്സൈറ്റുകൾ, ഇസ്ലാമിനും പ്രവാചകനും എതിരായ ഉള്ളടക്കങ്ങളുള്ള സൈറ്റുകൾ, ഇസ്ലാമിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പോർട്ടലുകൾ, പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നവ, വ്യാജ ഉൽപന്നങ്ങളും രാജ്യത്ത് വിൽക്കാൻ അനുമതി നൽകാത്ത ഉൽപന്നങ്ങളും വിൽക്കുന്ന ഷോപ്പിങ് സൈറ്റുകൾ, മദ്യവും മയക്കുമരുന്നും വിൽക്കുന്ന പോർട്ടലുകൾ.
വ്യക്തിഹത്യയും ഇൻറർനെറ്റ് ദുരുപയോഗവും ലക്ഷ്യമിട്ടുള്ള പോർട്ടലുകൾ, വി.പി.എൻ വെബ്സൈറ്റുകൾ, ചൂതാട്ടത്തിനും ഓൺലൈൻ പന്തയത്തിനുമുള്ള വെബ്സൈറ്റുകൾ തുടങ്ങി നിരവധി പോർട്ടലുകൾക്കും ആപ്ലിക്കേഷനുകൾക്കുമാണ് സി.ഐ.ടി.സി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയുള്ളവ വി.പി.എന്നോ മറ്റ് പഴുതുകളോ ഉപയോഗിച്ച് തുറന്നാലാണ് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.