ദമ്മാം: സൗദിയിലെ കിഴക്കൻ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയയ്ക്ക് നേരെയും ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ഷിപ്പിംഗ് തുറമുഖങ്ങളിലൊന്നായ കിഴക്കൻ മേഖലയിലെ റാസ് തനൂറ തുറമുഖത്തെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെയാണ് ഞായറാഴ്ച രാവിലെ കടലിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ആക്രമിച്ചത്. വൈകീട്ട് മറ്റൊരു ആക്രമണത്തിൽ ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ള വെടിയുണ്ടകളുടെ കഷ്ണങ്ങൾ ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയയ്ക്ക് സമീപം വീണു. ആയിരക്കണക്കിന് കമ്പനിയുടെ ജീവനക്കാരും അവരുടെ കുടുംബങ്ങളും വിവിധ ദേശങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന പ്രദേശമാണിവിടെ.
രണ്ട് ആക്രമണങ്ങളും ലക്ഷ്യം കാണുന്നതിന് മുമ്പ് തകർത്തതായും ആർക്കും പരിക്കോ ജീവനോ സ്വത്തിനോ നാശനഷ്ടമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയൽ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആവർത്തിച്ചുള്ള ഹൂതികളുടെ ആക്രമണ നടപടികളെ രാജ്യം ശക്തമായി അപലപിക്കുന്നതായി ഊർജ്ജ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
സാധാരണ ജനങ്ങളെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ ലോക രാജ്യങ്ങളോടും സംഘടനകളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾ സൗദി അറേബ്യയെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഊർജ്ജ വിതരണത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും അതുവഴി ആഗോള സമ്പദ്‌വ്യവസ്ഥയെയുമാണ് ലക്ഷ്യമിടുന്നത്. പെട്രോളിയം കയറ്റുമതിയുടെ സുരക്ഷ, ലോക വ്യാപാര സ്വാതന്ത്ര്യം, സമുദ്ര ഗതാഗതം എന്നിവയെ ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ ചോർച്ച മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങൾക്ക് തീരങ്ങളും പ്രദേശത്തെ ജലാശയങ്ങളും വിധേയമായേക്കാം എന്നും സൗദി അറേബ്യ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.