റിയാദ്: മയക്കുമരുന്ന് കേസിൽ സൗദിയിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരന് വർഷങ്ങൾക്കു ശേഷം യാത്രവിലക്ക് നീങ്ങി. മൂന്നര വർഷം മുമ്പാണ് രണ്ട് ഇന്ത്യക്കാരെ നാർക്കോട്ടിക് സെൽ പിടിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് സിഗരറ്റ് പാക്കറ്റിനുള്ളിൽ രണ്ട് മില്ലി ഗ്രാം ഹഷീഷ് ഉണ്ടായിരുന്നു എന്നതാണ് കേസ്. തുടരന്വേഷണം കഴിഞ്ഞ് എട്ടു ദിവസത്തെ തടവിനു ശേഷം ഒരാളെ ജാമ്യത്തിൽ വിടുകയും 'ഹുറൂബ്' (സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന കേസ്) ആയതിനാൽ മറ്റെയാളെ നാട് കടത്തുകയും ചെയ്തു.
ജാമ്യത്തിലിറങ്ങി സൗദിയിൽ ജോലിയിൽ തുടർന്ന ആൾ വർഷങ്ങൾക്കു ശേഷം അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് യാത്രവിലക്കുള്ളതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം വളൻറിയറും കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ വിഷയം ഏൽപ്പിക്കുകയും നാർക്കോട്ടിക് സെല്ലുമായി ബന്ധപ്പെടുകയും ചെയ്തു. അവിടെനിന്ന് ഫയൽ ക്രിമിനൽ കോടതിയിലെത്തിച്ച് അന്നുതന്നെ കോടതി ഹിയറിങ്ങിന് വെക്കുകയും ചെയ്തു.
അദ്ദേഹത്തിന് അറബി ഭാഷ പരിജ്ഞാനമില്ലാത്തതിനാൽ സിദ്ദീഖ് വിവർത്തകനായി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആറു മാസം മുതൽ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കുമായിരുന്ന കേസിൽ മുന്നറിയിപ്പ് എന്ന നിലയിൽ ഒരുമാസം ജയിൽ ശിക്ഷ വിധിക്കുകയും വർഷങ്ങളായി നിലനിന്നിരുന്ന യാത്രവിലക്ക് ഒഴിവാക്കുകയും ചെയ്തു.
പരിചയക്കാരാണെങ്കിൽ പോലും കൂടെ വാഹനത്തിൽ യാത്ര ചെയ്യുന്നവരും സഹവസിക്കുന്നവരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണെങ്കിൽ സൂക്ഷിക്കണമെന്നും ഇത്തരം കേസുകൾക്ക് സൗദി ഗവൺമെൻറിെൻറ ഭാഗത്തുനിന്നുള്ള ശിക്ഷകൾ ഗുരുതരമായിരിക്കുമെന്നും സിദ്ദിഖ് തൂവ്വൂർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.