ദുബൈ: ഗതാഗത രംഗത്തെ ആസൂത്രണ മികവിനും മികച്ച നിക്ഷേപ പ്രവർത്തനങ്ങൾക്കും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)ക്ക് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യു.ഐ.ടി.പി) നാല് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗതാഗത രംഗത്തെ ആസൂത്രണം- നിയന്ത്രണം, നിക്ഷേപം, നൂതന ആശയങ്ങളും ദീർഘ വീക്ഷണവും, ഡിജിറ്റൽ പരിവർത്തനം എന്നിവക്കാണ് അംഗീകാരം. ആർ.ടി.എ നടപ്പാക്കുന്ന ഗതാഗത ആസൂത്രണ രീതിയുടെ മികവ്, സംയോജനം, എമിറേറ്റിലെ നഗര-സാമ്പത്തിക വളർച്ചയുടെ ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ റോഡ്, ഗതാഗത പദ്ധതി പ്ലാനുകൾ വികസിപ്പിക്കുന്നതിന് ലോകോത്തര ഉപകരണങ്ങളുടെ ഉപയോഗം എന്നിവയുടെ തെളിവാണ് ഈ അംഗീകാരമെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി.
യു.ഐ.ടി.പിയിൽ നിന്നുള്ള വിദഗ്ധർ നടത്തിയ വിവിധ തരത്തിലുള്ള പരിശോധനകളിലൂടെയാണ് 55 മികച്ച പ്രവർത്തനങ്ങൾ, വ്യത്യസ്തമായ നാല് പദ്ധതികൾ എന്നിവ തിരിച്ചറിഞ്ഞതെന്ന് ആർ.ടി.എയുടെ ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് ഗവേണൻസ് സെക്ടർ ഡയറക്ടർ ഫാത്തിമ അൽ മന്ദൂസ് പറഞ്ഞു.
എമിറേറ്റിൽ സുസ്ഥിരവും തടസ്സമില്ലാത്ത ഗതാഗത സംവിധാനം കൊണ്ടുവരുന്നതിൽ ലോകത്ത് മുമ്പന്തിയിൽ നിൽക്കാനുള്ള ആർ.ടി.എയുടെ കാഴ്ച്ചപ്പാടുകൾക്കും മത്സരാധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും ഇത്തരം അംഗീകാരങ്ങൾ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.