റിയാദ്: തുടർച്ചയായ ആഗോള സാമ്പത്തിക, വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഏകീകരണം നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. മേയ് 19ന് ജിദ്ദയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സിറിയ കൂടി പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വെല്ലുവിളികളും അപകടസാധ്യതകളും നേരിടുന്നതിന് ശേഷിയും അനുഭവവുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകകൾ അറബ് മേഖലയിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അൽ-ജദ്ആൻ വിശദീകരിച്ചു. അറബ് രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ഉൾപ്പെട്ട സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മേയ് 19 ന് 32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന്റെ പേരിൽ പതിറ്റാണ്ടിലധികം അറബ് കൂട്ടായ്മയിൽ നിന്ന് പുറത്താക്കപ്പെട്ട സിറിയ കൂടി പങ്കെടുക്കുന്ന ഉച്ചകോടിക്കാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോവിൽ സമ്മേളിച്ച അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം സിറിയയെ അറബ് ലീഗിലേക്ക് മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു.
സിറിയയുടെ പ്രതിനിധി കൂടി സന്നിഹിതനായിരുന്ന തിങ്കളാഴ്ചയിലെ സാമൂഹിക സാമ്പത്തിക കൗൺസിൽ യോഗത്തിൽ ധനകാര്യ മന്ത്രി അൽ ജദ്ആൻ ഉച്ചകോടിയിലേക്ക് സിറിയയെ സ്വാഗതം ചെയ്യുന്നതായി പ്രഖ്യാപിച്ചു. 'അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു. പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം' മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ, കാലാവസ്ഥ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സൗദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ സംരംഭങ്ങളെ ഉദ്ധരിച്ച ധനകാര്യ മന്ത്രി മേഖലയിലെ സാമ്പത്തിക സുസ്ഥിരതയും വികസനവും കൈവരിക്കുന്നതിന് സൗദി നടത്തുന്ന ശ്രമങ്ങൾ യോഗത്തിൽ വിശദീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.