റിയാദ്: സാമ്പത്തികമായി കോർപറേറ്റുകൾക്കും സാംസ്കാരികമായി ഹിന്ദുത്വത്തിനും രാജ്യതാൽപര്യങ്ങൾ അടിയറ വെക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നു തനിമ കലാസാംസ്കാരിക വേദി റിയാദ് പ്രവിശ്യാഘടകം സംഘടിപ്പിച്ച ചർച്ചസമ്മേളനം അഭിപ്രായപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ വിദ്യാഭ്യാസ വിചക്ഷണന്മാരും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 'ദേശീയ വിദ്യാഭ്യാസനയം വിലയിരുത്തപ്പെടുന്നു' എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ പൊന്നാനി എം.ഇ.എസ് കോളജ് അസിസ്റ്റൻറ് പ്രഫസർ ഡോ. ലിംസീർ അലി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയുടെ ഫെഡറൽ സംവിധാനങ്ങളും സാംസ്കാരിക ബഹുത്വവും പാടെ നിരാകരിക്കുന്നതും ജനാധിപത്യപരമായ സംവാദത്തിന് വിധേയമാക്കാത്തതുമാണ് നയരേഖയെന്നു അദ്ദേഹം പറഞ്ഞു.വൈജ്ഞാനിക ഗവേഷണ പ്രവർത്തനങ്ങൾ, സ്വതന്ത്രചിന്ത എന്നിവക്ക് കൂച്ചുവിലങ്ങിടാനും ഏകശിലാ സംസ്കാരം അടിച്ചേൽപിക്കാനും ശ്രമിക്കുന്നു. തനിമ എക്സിക്യുട്ടിവ് അംഗങ്ങളായ റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു.
ഖലീൽ പാലോട് സമാപന പ്രഭാഷണം നിർവഹിച്ചു. എം.ഇ.എസ് റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, സിജി റിയാദ് ചാപ്റ്റർ ചെയർമാൻ റഷീദ് അലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിദ്യാഭ്യാസ നയരേഖ ഉയർത്തുന്ന വെല്ലുവിളികൾ ബൈപാസ് ചെയ്തുകൊണ്ട് പുതിയ സ്ട്രാറ്റജികൾ രൂപപ്പെടുത്താൻ എല്ലാവരും ഒന്നിക്കണമെന്നു അവർ അഭിപ്രായപ്പെട്ടു. തനിമ പ്രവിശ്യാഘടകം പ്രസിഡൻറ് അസ്ഹർ പുള്ളിയിൽ പരിപാടിയിൽ സന്നിഹിതനായിരുന്നു. സോണൽ പ്രസിഡൻറ് ബഷീർ രാമപുരം ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.