തെളിവുള്ള മഷിയാൽ കുറി-
ക്കെന്നിളം കൈയിൽ
അരുമയോടെന്നെ
വിളിക്കുന്ന പേർ
നിണമൊഴുകി വികൃതമായ്
കിട്ടും ജഡങ്ങളിൽ
തിരയാനതുതകുമെൻ
പിഞ്ചുകൈകൾ
എവിടെയാണെന്നമ്മ
തിരയുന്നതറിയില്ല
രക്തബാഷ്പത്താൽ
ചുവന്നോരു വിണ്ണതിൽ
നിശ്വാസവായുവിൽ
ചോരമണമേറുന്നു
കുന്നുകൂടുന്നു
കുരുന്നു ജഡങ്ങളും
കരളുരുകി കേണു ഞാൻ
ചുറ്റിനിൽക്കുന്നൊരാ
അജഡയായ് കാഴ്ച കാണു-
ന്നോരെ കനിവിനായ്
കന്ഥ പോലെയെന്നെ
തഴഞ്ഞവർ മാത്രമോ
ഹസ്തദാനം നടത്തുന്നു
സയണിസ്റ്റിനെ
സ്വർഗം കിനാവുകാ-
ണുന്നൊരീ ജനതയെ
തോൽപിക്കുവാനിവർ-
ക്കാവില്ല സോദരെ
പ്രകാശം കെടുത്തിയാൽ
പേടിക്കയില്ല ഞാൻ
ഈമാൻ വെളിച്ചമായ്
കൂട്ടിനുണ്ടെപ്പോഴും
ദുഷ്ടരാം കൂട്ടരേ
മാപ്പില്ല നിങ്ങൾക്ക്
സകലവും ചൊല്ലി ഞാൻ
നാഥനോടായ്
ഹാമാൻ, ഫറോവയും
ചെന്ന് പതിച്ചൊരാ
നാശ ഗർത്തത്തിലാ-
ണിക്കൂട്ടരും
നെറുകയിൽ നേത്രാമ്പു
ചുംബനം നൽകിയെൻ
ഗാത്രം പൊതിഞ്ഞുരുകു-
മെന്നുപ്പയും
കരയല്ലേ ജനനി ഞാൻ
കൂട്ടിടാം നിങ്ങളെ
നാഥന്റെ നാകമാം
പൂവാടിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.