ദമ്മാം: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് സൗദി, ബഹ്ൈറൻ ഇന്ത്യൻ എംബസികൾ തീവ്രശ്രമം തുടരുകയാണന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ സാമൂഹിക, മാധ്യമ പ്രവർത്തകരോട് വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ഓളം ആളുകളാണ് നിലവിൽ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്റൈനിൽ കഴിയുന്നത്.
സൗദി അറേബ്യ അംഗീകരിച്ച പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് ദമ്മാം കിങ് ഫഹദ് കോസ്‌വേ വഴി സൗദിയിലേക്ക് എത്താൻ കഴിയില്ലെന്ന പുതിയ നിബന്ധനയാണ് യാത്രക്കാർക്ക് വിനയായത്. സൗദി വിദേശകാര്യ മന്ത്രാലയവുമായും ആരോഗ്യവകുപ്പുമായും ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. വൈകാതെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് വരാൻ ഉദ്ദേശിക്കുന്നവർ എത്തിച്ചേരേണ്ട രാജ്യം നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണർത്തി. അല്ലാത്തപക്ഷം മറ്റൊരു രാജ്യത്ത് കുടുങ്ങിപ്പോവുകയായിരിക്കും ഫലം.
ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് സൗദിയിലേക്ക് വരാം. ഇവർക്ക് ക്വാറൻറീൻ ആവശ്യമില്ല. സൗദിയിൽ ഇത് 'ആസ്ട്രാസെനക' എന്ന പേരിലാണ് അറിയപ്പെടുന്നത്. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൽഡും ആസ്ട്രാസെനകയും ഒന്നുതന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ആശങ്കയില്ലാതെ കോവിഷീൽഡ് സീകരിച്ച സാക്ഷ്യപത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു. നാട്ടിൽ ആധാർ കാർഡ് നമ്പറാണ് വാക്സിൻ സ്വീകരിച്ച സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തുന്നതെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഇന്ത്യൻ കോവിഡ് സെല്ലുമായി ബന്ധപ്പെട്ട് പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അതിനുള്ള നടപടി ആരംഭിക്കും.
അതേസമയം, ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ സൗദി അംഗീകരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നിരവധി പേർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് സൗദിയിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്നുണ്ട്. കോവാക്സിന് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച സംസാരത്തിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിലേക്ക് ഓക്സിജനും സിലണ്ടറുകളും മരുന്നുകളും എത്തിക്കാൻ സൗദി അധികൃതർ വലിയ സഹായങ്ങളാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പുതുതായി പടരുന്ന ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകൾ അടുത്തതായി അയക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേഭാരത് മിഷൻ വിമാന സർവിസിലൂടെ അഞ്ചര ലക്ഷം പേരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽനിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യുന്നതിന് എംബസി പൂർണസജ്ജമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ എംബസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, മീഡിയ കോഒാഡിനേറ്റർ അസീം അൻസാർ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസൽ ഹംന മറിയം തുടങ്ങിയവരും അംബാസഡറോടൊപ്പം യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.