ജിദ്ദ: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷം സൗദിയിലെങ്ങും ഈദുൽ ഫിത്ർ ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പുതുവസ്ത്രമണിഞ്ഞും തക്ബീർ മുഴക്കിയും അതിരാവിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പള്ളികളിലും ഈദ്ഗാഹുകളിലും സംഗമിച്ചു. റമദാനിൽ നേടിയെടുത്ത ആത്മസംസ്കരണവും വിശുദ്ധിയും ജീവിതത്തിൽ മുറുകെ പിടിക്കണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. പെരുന്നാൾ നമസ്കാരത്തിനായി നിരവധി ഈദ് ഗാഹുകളാണ് മതകാര്യവകുപ്പിന് കീഴിൽ ഒരുക്കയത്. മഴ സാധ്യതയുള്ള സ്ഥലങ്ങളിൽ പള്ളികളിലാണ് ഈദ് നമസ്കാരം നടന്നത്.
മക്കയിലെ മസ്ജിദുൽ ഹറാമിൽ ഈദ് നമസ്കാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അടക്കം ലക്ഷങ്ങൾ പങ്കാളികളായി. ഹറമിലെ നമസ്കാരത്തിൽ പെങ്കടുക്കാൻ രാത്രി മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും ഖുതുബക്കും ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിനും ആത്മാക്കളെ അനുരഞ്ജിപ്പിക്കുന്നതിനും സഹോദരങ്ങളെ സ്നേഹിക്കുന്നതിനും ബന്ധുബന്ധങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള മഹത്തായ അവസരമാണ് ഈദുൽഫിത്റെന്ന് ഇമാം പറഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള സൗഹൃദം ഒരു അനുഗ്രഹമാണ്. അവർ തമ്മിലുള്ള ആശയവിനിമയം കാരുണ്യമാണ്. വ്രതം ദൈവം സ്വീകരിക്കട്ടെയെന്നും എല്ലാവർക്കും ഈദാംശസകൾ നേർന്നും ഹറം ഇമാം പറഞ്ഞു. ഈദ് കൂടുതൽ ബന്ധത്തിനും ഐക്യത്തിനുമുള്ള മഹത്തായ അവസരമാണ്. സമാധാനം പ്രചരിപ്പിക്കുക, അനുരഞ്ജനം നടത്തുക, ക്ഷമിക്കുക, പരസ്പരം വിട്ട്വീഴ്ച കാണിക്കുക. ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിലും പാപങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിലും സൽകർമങ്ങൾ വർധിപ്പിക്കുന്നതിലും മുഴുകി എല്ലാവരും ഈദിന്റെ സന്തോഷം നുകരുക. റമദാന് ശേഷമുള്ള കാരുണ്യ പ്രകടനങ്ങളിലൊന്ന് ദൈവത്തോടുള്ള തുടർച്ചയായ അനുസരണയും സത്കർമവും പിന്തുടരലുമാണെന്നും ഹറം ഇമാം പറഞ്ഞു.
മസ്ജിദുന്നബവിയിൽ നടന്ന ഈദ് നമസ്കാരത്തിൽ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ബിൻ ഫൈസൽ അടക്കം വൻജനക്കൂട്ടം പങ്കെടുത്തു. നമസ്കാരത്തിനും ഖുതുബക്കും ഡോ. അഹമ്മദ് ബിൻ അലി അൽ ഹുദൈഫി നേതൃത്വം നൽകി. ഇസ്ലാമിലെ ഈദ് ദിനത്തിലെ സന്തോഷത്തിന്റെ നിമിഷങ്ങൾ മണിക്കൂറുകൾ വേഗത്തിൽ കടന്നുപോകുന്നുവെങ്കിലും അതിന്റെ ഫലങ്ങൾ ദീർഘകാലം അവശേഷിക്കുന്നതാണെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു. കേവലം ആരാധനക്രമങ്ങളുടെ മതമല്ല ഇസ്ലാം.
അത് സന്യാസമോ, പൊള്ളയായ ഭൗതികവാദമോ അല്ല. ഇസ്ലാം പ്രപഞ്ചത്തെ സൗന്ദര്യവും ഗാംഭീര്യവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബന്ധങ്ങൾ ചേർക്കൽ, കെട്ടിപ്പടുക്കൽ, കൊടുക്കൽ, വാങ്ങൽ, ധാർമികത, മൂല്യങ്ങൾ, പ്രത്യക്ഷവും മറഞ്ഞിരിക്കുന്നതുമായ സൗന്ദര്യം, ഹൃദയശുദ്ധി എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു.
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത് ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി തുടങ്ങി നിരവധി അമീറുമാർ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിനൊപ്പം നമസ്കാരം നിർവഹിച്ചു. നമസ്കാരശേഷം ഗവർണർമാർ സൽമാൻ രാജാവിന് ഈദ് ആശംസകൾ നേർന്നു.
മക്ക: ഇരുഹറമുകളിലേയും റമദാൻ പ്രവർത്തനപദ്ധതി വിജയകരമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറമിലെ വിവിധ വകുപ്പു മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. വിശ്വാസികൾക്കും ഉംറ തീർഥാടകർക്കും ഭക്തിനിർഭര അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഹറമിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരുടെയും തീർഥാടകരുടെയും അനുഭവം സമ്പന്നമാക്കുന്നതിലും വിവിധ സർക്കാർ ഏജൻസികളുമായുള്ള പങ്കാളിത്തത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരുന്നു റമദാൻ പദ്ധതി.
മതകാര്യങ്ങൾക്കായുള്ള പ്രസിഡൻസി സ്ഥാപിതമായതിനു ശേഷമുള്ള ആദ്യത്തെ റമദാൻ സീസണാണിത്. ദൈവ കാരുണ്യം പിന്നെ ഭരണകൂടത്തിന്റെ വലിയ പിന്തുണയും പരിഗണനയും പദ്ധതിയുടെ വിജയത്തിലുണ്ട്. ഇതിലൂടെ അവർക്ക് ആരാധനകൾ എളുപ്പത്തിലും സമാധാനത്തിലും നിർവഹിക്കാൻ കഴിഞ്ഞുവെന്നും ഡോ. സുദൈസ് പറഞ്ഞു.
വർണവിസ്മയം തീർത്ത് വെടിക്കെട്ട്
ജിദ്ദ: ഈദാഘോഷങ്ങളുടെ ഭാഗമായി വൻ വെടിക്കെട്ടും. വിവിധ പ്രദേശങ്ങളിൽ ഈദിലെ ആദ്യ രാത്രിയിൽ നടന്ന വെടിക്കെട്ട് ആകാശങ്ങളിൽ വർണവിസ്മയം തീർത്തു. റിയാദിലെ ബൊളിവാർഡ് സിറ്റിയിലെ സ്ക്വയർ ഏരിയയിൽ നടന്ന വെടിക്കെട്ട് ആകാശത്തെ വർണാലങ്കൃതമാക്കി.
കിഴക്കൻ മേഖലയിലെ ഖോബാറിലും ജിസാൻ, തബൂക്ക്, നജ്റാൻ, അറാർ എന്നിവിടങ്ങളിലെ ആകാശങ്ങളും വൻ വെടിക്കെട്ടിന് സാക്ഷ്യം വഹിച്ചു. ആയിരങ്ങൾ വിവിധ പ്രദേശങ്ങളിൽ നടന്ന കരിമരുന്ന് പ്രകടനങ്ങൾ കണ്ട് ആസ്വദിച്ചു. പൊതുവിനോദ അതോറിറ്റിയുടെ ‘ഈദ് 2024’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ വെടിക്കെട്ടുകൾ നടന്നത്.
പെരുന്നാളിനോടനുബന്ധിച്ച് കച്ചേരികൾ, നാടകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാ വിനോദപരിപാടികൾ പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിവിധ പ്രദേശങ്ങളിൽ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.