പെരുന്നാൾ നമസ്കാരം: യാംബുവിൽ കൂടുതൽ പള്ളികളിൽ സൗകര്യമൊരുക്കി ഇസ്‌ലാമികകാര്യ മന്ത്രാലയം

യാംബു: കോവിഡ് സാഹചര്യത്തിൽ പെരുന്നാൾ നമസ്കാരത്തിന് തിരക്ക്​ കുറക്കാൻ കൂടുതൽ പള്ളികളിൽ സൗകര്യമൊരുക്കി യാംബു ഗവർണറേറ്റിലെ ഇസ്‌ലാമികകാര്യ മന്ത്രാലയം. യാംബു അൽ ബഹ്ർ, യാംബു അൽ നഖ്‌ൽ, യാംബു അൽ സനാഇയ്യ എന്നിവിടങ്ങളിൽ നേരത്തേ 18 ഇടങ്ങളിലായിരുന്നു പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ സാമൂഹിക അകലം പാലിക്കുന്നത് കണക്കിലെടുത്ത് മൊത്തം 112 ഇടങ്ങളിൽ ഈ വർഷം പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ഒരുക്കിയതായി യാംബു ഇസ്‌ലാമികകാര്യ മന്ത്രാലയ വകുപ്പ് ഡയറക്ടർ അബ്്ദുൽ കരീം ബിൻ മുഹമ്മദ് അൽ ഹർബി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് തിരക്കുകൾ കുറക്കാൻ ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിലും മറ്റു പള്ളികളിലും ഈദ് ഗാഹുകളിലൊക്കെയുമായി പെരുന്നാൾ നമസ്കാരങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയ മന്ത്രി ശൈഖ് ഡോ. അബ്​ദുല്ലത്തീഫ് ആലു ശൈഖിൻെറ സർക്കുലർ എല്ലാ പ്രവിശ്യകളിലെയും മന്ത്രാലയ ഓഫിസുകളിലേക്ക് അയച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പെരുന്നാൾ നമസ്കാരത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും ഇസ്‌ലാമികകാര്യ മന്ത്രാലയ അധികൃതർ തീരുമാനമെടുത്തത്. സൂര്യൻ ഉദിച്ചുയർന്ന്​ 15 മിനിറ്റിനു ശേഷമാണു പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്നും നമസ്കാരത്തിനെത്തുന്നവർ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

നമസ്കാരത്തിനെത്തുന്നവർ സ്വന്തമായി നമസ്കാര പടം (മുസല്ല) കൊണ്ടുവരണം. 1.5 മീറ്റർ അകലം പാലിക്കാനും മൂക്ക് അടക്കം മൂടുന്നവിധം മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പെരുന്നാൾ ദിവസമുള്ള ആലിംഗനവും പരസ്പരം കൈ കൊടുക്കുന്നതും ഒഴിവാക്കണമെന്ന പ്രത്യേകം നിർദേശങ്ങളും പ്രാർഥനക്കെത്തുന്നവർക്ക് മന്ത്രാലയം നൽകിയിട്ടുണ്ട്.   

Tags:    
News Summary - Eid prayers: Ministry of Islamic Affairs facilitates more mosques in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.