ജിദ്ദ: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള മൃഗബലിക്കുള്ള പണം സൗദിയുടെ ദേശീയ ചാരിറ്റി ധനസമാഹരണ ഡിജിറ്റൽ പ്ലാറ്റ് ഫോം ‘ഇഹ്സാൻ’ വഴി അടയക്കാൻ സൗകര്യം. അംഗീകൃത ചാനലുകളിലൂടെ ബലി നടത്തുന്നതിലൂടെ അർഹരായ വ്യക്തികളിലേക്ക് അത് എത്തിച്ചേരാൻ സഹായിക്കും.
ചാരിറ്റി മേഖലയെ ഡിജിറ്റലായി ശാക്തീകരിക്കാനും സംഭാവന പ്രക്രിയ കാര്യക്ഷമമാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ശരീഅത്ത് നിയമങ്ങൾ പ്രകാരം അർഹതപ്പെട്ടവർക്ക് എത്തിക്കാനാണ് ഇഹ്സാന്‍ കീഴിലെ ‘അദാഹി പ്രോഗ്രാം’ ലക്ഷ്യംവെക്കുന്നത്. ബലിയർപ്പിക്കുന്നവർക്ക് അവരുടെ ബലിനില തത്സമയം നിരീക്ഷിക്കാനാകും.
ബലികർമം (വുദുഹിയ്യത്ത്) പൂർത്തിയായിക്കഴിഞ്ഞാൽ ബന്ധപ്പെട്ടവരെ അറിയിക്കും. കഴിഞ്ഞ ഹജ്ജ് സീസണിൽ, പ്ലാറ്റ്ഫോമിന് 75,000 ത്തിലധികം ബലികളാണ് ഇഹ്സാൻ വഴി നടത്തിയത്. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് പുറമെ ധനമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, മാനവ വിഭവ ശേഷി മന്ത്രാലയം അടക്കമുള്ള വിവിധ മന്ത്രാലയങ്ങളും വിവിധ സർക്കാർ ഏജൻസികളും ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റിയാണ് ഇഹ്സാന്റെ ദൈനദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. https://ehsan.sa എന്നതാണ് ഇഹ്സാന്റെ ലിങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.