അൽ ഖോബാർ: കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രമായ അൽ ഖോബാറിലെ ‘ഇത്റ’യിൽ ചെറിയ പെരുന്നാളിന്റെ സുദിനങ്ങളിൽ വർണശബളമായ ആഘോഷരാവുകളൊരുക്കുന്നു. ‘ആനന്ദത്തോടെ പൂക്കുന്നു’ എന്ന ടാഗ്ലൈനിലാണ് ആഘോഷ പരിപാടികൾ. ഈ മാസം 11മുതൽ13 വരെ കേന്ദ്രം കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദവും വിജ്ഞാനവും സമ്മിശ്രമാക്കി നിരവധി പരിപാടികൾ ഒരുക്കും. വൈകീട്ട് നാല് മുതൽ രാത്രി11.30 വരെയാണ് ‘ഇത്റ’ പ്രവർത്തന സജ്ജമാവുക.
ചോക്ലറ്റ് പ്രേമികൾക്ക് ഇത്റയിലെ പ്ലാസ ഏരിയയിൽ രാത്രി11വരെ രുചി നുണയാം. പാൽ, വെള്ള ചോക്ലറ്റ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ചോക്ലറ്റ് വിഭവങ്ങൾ ലഭിക്കുന്ന ഒരു സ്റ്റാൾ ഇവിടെ സജ്ജീകരിക്കും. പങ്കെടുക്കുന്നവർക്ക് സ്വന്തം ചോക്ലറ്റ് ബാർ നിർമിക്കാൻ അവസരം ലഭിക്കും. മൂന്ന് രാത്രികളിലും തത്സമയ സംഗീതത്തിന് ഇത്റ വേദിയാകും. ലൈബ്രറിയിലെ എക്സിബിഷൻ ഏരിയയിൽ പെരുന്നാളിനെ അടിസ്ഥാനമാക്കി കഥപറച്ചിൽ പരിപാടി അരങ്ങേറും. ഇത്റയുടെ ഈദിൽ ഞങ്ങൾ കഥകളിലൂടെ സന്തോഷം പങ്കിടുകയും പുതിയ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയും മൂല്യങ്ങൾ നേടുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
കേന്ദ്രത്തിലെ ലഷ് ഗാർഡന് പുറത്ത് സന്ദർശകരുടെ സംശയങ്ങൾ പരിഹരിക്കാൻ മുഖാമുഖം പരിപാടിയും ഉണ്ടാകും. എനർജി എക്സിബിറ്റിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിദഗ്ധർ അണിനിരക്കും. എല്ലാ ദിവസവും വൈകീട്ട് 4.30ന് സലീഗ്, റാഡിമ, അൽറൂഫിയ എന്നീ മൂന്ന് ഹ്രസ്വസിനിമകൾ ഇത്റയിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കും.രാത്രി എട്ടിന് സൗദി കേന്ദ്രീകൃതമായ കഥ പറയുന്ന ഇത്ഹയുടെ സ്വന്തം സിനിമ ‘വാലി റോഡ്’ പ്രദർശിപ്പിക്കും.
അറബിയിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് പ്രദർശനം.മിക്ക പരിപാടികളും ആളുകൾക്ക് സൗജന്യമായി ആസ്വദിക്കാം. എന്നാൽ തിരഞ്ഞെടുത്ത ഇവൻറുകൾ ആസ്വദിക്കാൻ ടിക്കറ്റ് നേടണം. കുട്ടികളുടെ മ്യൂസിയം ആസ്വദിക്കാൻ ധാരാളം അവസരങ്ങൾ നൽകുന്നു. ‘ഈദ് എറൗണ്ട് ദി വേൾഡ് പ്രോഗ്രാം’ ആഗോളവും പ്രാദേശികവുമായ ഈദ് പാരമ്പര്യങ്ങളും ആചാരങ്ങളും ജനങ്ങളിലെത്തിക്കും. എനർജി എക്സിബിറ്റ് ‘സന്തോഷത്തിന്റെ ഗ്രാമം’ എന്ന പേരിൽ ഒരു തത്സമയ കുടുംബനാടകം അരങ്ങേറും. ഈദ് രാവുകളിൽ ഇത്റ തിയറ്ററിൽ ‘ഹികായത്ത് ഫറ വിത്ത് ചൊറോള’ എന്ന നാടകത്തിന്റെ രണ്ട് തത്സമയ പ്രകടനങ്ങൾ അരങ്ങേറും. ഒരു മണിക്കൂറുള്ള ആദ്യ ഷോ 6.30ന് ആരംഭിക്കും. അടുത്ത ഷോ രാത്രി 8.30 നും. ഇത്റ അംഗങ്ങൾക്ക് കിഴിവോടെ പരിപാടി ദിവസം അവിടെ നിന്ന് ടിക്കറ്റുകൾ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.