റിയാദ്: റിയാദ് നഗരത്തിലെ ഒരു ഗോഡൗണിൽ ഒളിച്ച് സൂക്ഷിച്ചിരുന്ന എട്ട് ടൺ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. സവാളയുടെ ലഭ്യതയിലും വിലയിലും വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ക്ഷാമം സൃഷ്ടിച്ച് ഉയർന്ന വിലയ്്ക്ക് വിൽക്കാൻ പൂഴ്ത്തിവെച്ച ഇത്രയും ഉള്ളി മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം തബൂക്കിലെ ഒരു ഗോഡൗണിൽനിന്ന് പൂഴ്ത്തിവെച്ച മൂന്ന് ടൺ സവാള പിടിച്ചതിന് തൊട്ടു പിറകെയാണിത്. പിടിച്ചെടുത്ത സവാള കണ്ടുകെട്ടുകയും വിപണിയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രാലയ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിലത്തകർച്ച മൂലം സവാള കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിലേക്ക് മാറിയതാണ് ഉള്ളി ലഭ്യത കുറയാനും വില ഉയരാനും കാരണമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഉള്ളി വിതരണത്തിലെ പ്രതിസന്ധിയും വില വർധനയും ആഗോള പ്രശ്നമാണെന്നും പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങില്ലെന്നും ഫെഡറേഷൻ ഒാഫ് സൗദി ചേംബേഴ്സ് പറഞ്ഞു.
ആഗോള സവാള വിലയിലുണ്ടായ വർധന വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപാദന നിലവാരത്തിൽ കുറവുണ്ടാക്കുന്നതിനും കാരണമായി. ചില രാജ്യങ്ങളിൽ നിന്നുള്ള സവാള ഇറക്കുമതി കുറയാൻ ഇത് കാരണമായതായും സൗദി ചേംബേഴ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.