ദമ്മാം: 10 മക്കളുണ്ടായിട്ടും അവസാനകാലത്ത് ഒരിറക്ക് വെള്ളം തരാൻ പോലും ആളില്ലാതെ ഒറ്റപ്പെട്ട് വയോധികയുടെ ദാരുണ മരണം. വ്രണങ്ങളിൽ പുഴുവരിച്ച നിലയിൽ നിരാശ്രയനായി ഭർത്താവ്. ആലപ്പുഴ തലവടി, ഇളങ്ങുമഠം ഭാഗത്തെ കമലാസനന്റെയും (75) ഷേർളിയുടെയും (60) ദുരിതമറിഞ്ഞ് സഹായിക്കാനെത്തിയത് പ്രവാസി മലയാളി. ദമ്മാമിലെ ഒരു മാനുഫാക്ചറിങ് കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനും ആലപ്പുഴ സ്വദേശിയുമായ ഹാരിസ് രാജയാണ് കമലാസനന് ആശ്രയമേകുന്നതിനും ഷേർളിയുടെ മൃതദേഹം സംസ്കരിക്കുന്നതിനും മുന്നോട്ടുവന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി നാലു ദിവസത്തെ അവധിക്ക് കഴിഞ്ഞയാഴ്ചയാണ് ഹാരിസ് നാട്ടിലെത്തിയത്. ആലപ്പുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കലുമായി സംസാരിച്ചിരിക്കെയാണ് തലവടിയിൽനിന്ന് പ്രദേശവാസികളിലൊരാളിന്റെ ഫോൺ ഈ ദമ്പതികളുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് നസീറിന് എത്തുന്നത്. ഇത് കേട്ട് മനസ്സലിഞ്ഞ ഹാരിസ് ഉടൻ വിഷയം ഏറ്റെടുക്കുകയും അപ്പോൾ തന്നെ അവിടേക്ക് പുറപ്പെടുകയുമായിരുന്നു.
യാത്രക്കിടയിൽ ആശ പ്രവർത്തക നജ്മയെ വിവരമറിയിച്ച് അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. നജ്മ എത്തുമ്പോഴേക്കും ഷെർളി കട്ടിലിൽനിന്ന് വീണുമരിച്ചിരുന്നു. തൊട്ടടുത്ത് പുഴുവരിക്കുന്ന കാലുമായി ഒന്നനങ്ങുവാൻ പോലുമാകാതെ നിസ്സഹാനായി കിടക്കുകയായിരുന്നു കമലാസനൻ. നഗരസഭ ചെയർപേഴ്സൻ കെ.കെ. ഉമയമ്മയും വിവരമറിഞ്ഞ് സ്ഥലത്തെത്തി. തുടർന്ന് മക്കളെ ബന്ധപ്പെട്ടപ്പോൾ അവരാരും അച്ഛനെ ഏറ്റെടുക്കാനോ അമ്മയെ സംസ്കരിക്കാനോ തയാറായിരുന്നില്ല. ഒരു ലക്ഷം രൂപ തന്നാൽ അച്ഛനെ വേണമെങ്കിൽ നോക്കാം എന്നായിരുന്നു ഒരു മകളുടെ പ്രതികരണം. നല്ലകാലത്ത് അവർ ഞങ്ങളെ നോക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ ഞങ്ങളെന്തിന് അവരെ നോക്കണമെന്നുമായിരുന്നു മറ്റ് മക്കളുടെ പ്രതികരണം. ഗത്യന്തരമില്ലാതെ ജില്ലാ ആശുപത്രിയെ സമീപിച്ചപ്പോൾ കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ ആവശ്യമായ ചികിത്സ നൽകാമെന്ന് അവർ. ഉടൻ തന്നെ ഹാരിസ് ദിനംപ്രതി 1,250 രുപ വീതം നൽകി ഹോം നഴ്സിനേയും കൂടാതെ ഭക്ഷണവും മരുന്നും മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കി.
റമദാനിൽ ഇത്തരമൊരു കാരുണ്യപ്രവൃത്തി നടത്താനായതിന്റെ സംതൃപ്തിയിലാണ് ഹാരിസ് രാജ. വീട്ടിലെത്തുമ്പോൾ ദുർഗന്ധത്താൽ അടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നെന്നും പക്ഷെ അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ലെന്നും ഹാരിസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആശ ഹാരിസാണ് ഭാര്യ. യു.എ.ഇയിൽ എൻജിനീയറിങ് വിദ്യാർഥിയായ ഹർഷാന ഹാരിസ്, ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹയ ഹാരിസ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.