ജിദ്ദ: ഭക്ഷ്യവസ്തുക്കളും മരുന്നുകളും കയറ്റുന്ന വാഹനങ്ങളിലെ താപനിലയും ഇൗർപ്പവും പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധാനമൊരുക്കുന്നു. പൊതുഗതാഗത വകുപ്പും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും ചേർന്ന് 'വസൽ' എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് പുതിയ സംവിധാനം.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും സംഭരിച്ചിരിക്കുന്ന ഗോഡൗണുകളും വാഹനങ്ങളുമായി ഇൗ സംവിധാനം ബന്ധിപ്പിക്കും. ഭക്ഷണം, മരുന്നുകൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവ എത്തിക്കുന്ന വാഹനങ്ങളുടെ താപനിലയും ഇൗർപ്പവും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ ഇലക്ട്രോണിക് സംവിധാനമാണ് പുതിയ സേവനമെന്ന് ഗതാഗത വകുപ്പിലെ ഇൻറർനെറ്റ് ആപ്ലിക്കേഷൻ കൺസൽട്ടൻറ് ഡോ. റാഇദ് അൽസ്വാലിഹി പറഞ്ഞു. ഉന്നത സവിശേഷതകളോട് കൂടിയ ഇൗ സംവിധാനം ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതാണ്. അതോടൊപ്പം ഗതാഗത, സ്റ്റോറേജ് രംഗത്തെ നിബന്ധനകളുടെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോറിറ്റിക്ക് കീഴിലെ ഇൻറർനെറ്റ് പദ്ധതികൾ വിപുലീകരിക്കുന്നതിെൻറ തുടച്ചയായാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്. 2017 മുതൽ വാഹന വിവരങ്ങൾ ട്രാക്ക് ചെയ്യാൻ 'വസൽ' ഇ-പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. അതുവഴിയാണ് പുതിയ ആപ്ലിക്കേഷനും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഭക്ഷണം, മരുന്ന് പോലുള്ള ഉൽപന്നങ്ങളുടെ താപനിലയും ഇൗർപ്പവും നിരീക്ഷിക്കൽ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും നിലനിർത്തുന്നതിന് ആവശ്യമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ത്വലാൽ അൽസുബയി പറഞ്ഞു. ഫുഡ് അതോറിറ്റിയുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി പദ്ധതി പ്രാബല്യത്തിലാവും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഫാക്ടറികൾ, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ, മരുന്ന്, ഭക്ഷ്യവസ്തുക്കളുടെ വെയർഹൗസുകൾ, ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയിലാണ് സംവിധാനം ആദ്യം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.