ദമ്മാം: നിലവില്‍ സൗദി അറേബ്യയിൽ സംജാതമായ അനുകൂല മാറ്റങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പ്രവാസികളായ വനിതകളും കുടുംബിനികളും തൊഴിൽ-ബിസിനസ് മേഖലകളിലെ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്ന് പ്രമുഖ ബിസിനസ് കണ്‍സൽട്ടന്റും മോട്ടിവേഷൻ സ്പീക്കറുമായ നജീബ് മുസ്ലിയാരകത്ത് അഭിപ്രായപ്പെട്ടു. സൗദിയിൽ താമസിക്കുന്ന വനിതകള്‍ക്ക് സൗദി അറേബ്യയിലെ തൊഴില്‍-ബിസിനസ് രംഗത്ത് കടന്നുവരാനുള്ള വഴികളെക്കുറിച്ചും പുതുതായിട്ടുള്ള ജോലിസാധ്യതകളെക്കുറിച്ചും അറിവ് നൽകുന്നതിനായി മ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി ഭരണകൂടം പ്രഖ്യാപിച്ച മിഷൻ 2030ന്റെ ഭാഗമായി നിയമപരമായും വാണിജ്യപരമായുമുള്ള അനുകൂല പരിഷ്കാരങ്ങൾ പ്രവാസികൾക്കു കിട്ടിയ സുവർണാവസരങ്ങളാണെന്നും ലോകത്ത് മറ്റുള്ള രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സൗദിയിൽ നിലവിൽ ധാരാളം തൊഴിൽ, വ്യാപാര അവസരങ്ങൾ കൈവന്നിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഈ മാറ്റങ്ങളെ പ്രയോജനപ്പെടുത്താൻ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ പ്രവാസികൾക്കും വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്‍ റയാന് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഡോ. സിന്ധു ബിനു (ഒ.ഐ.സി.സി), സാജിത നഹ (കെ.എം.സി.സി), അനു രാജേഷ് (നവോദയ), സുനില സലീം (പ്രവാസി സാംസ്കാരികവേദി), ഹുസ്ന ആസിഫ് (വേൾഡ് മലയാളി കൗൺസിൽ), ഡോ. അമിത ബഷീർ (സൗദി മലയാളി സമാജം), അഡ്വ. ഷഹന (ദമ്മാം നാടകവേദി) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ അഷ്റഫ് എടവണ്ണ, ലിയാകത്ത് കരങ്ങാടന്‍, മൻസൂർ മങ്കട, സക്കീർ വള്ളക്കടവ്, സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, റിയാസ് പറളി, ജാബിർ ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി. നാസർ വെള്ളിയത്ത് സ്വാഗതവും ഷനൂബ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.