തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) ആഭിമുഖ്യത്തിൽ ഏഴാമത് അനീഷ് മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തബൂക്കിൽ ആവേശകരമായ തുടക്കം കുറിച്ചു. താരീഖ് മദീനയിലെ രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങൾ മാസ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, ജോസ് സ്കറിയ, പി.വി. ആന്റണി, പ്രവീൺ പുതിയാണ്ടി, സജിത്ത് രാമചന്ദ്രൻ, അനിൽ പുതുക്കുന്നത്ത്, സുരേഷ് കുമാർ തുടങ്ങിയ മാസ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, നിരവധി യൂനിറ്റ്, ഏരിയ ഭാരവാഹികൾ, ക്ലബ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. തബൂക്കിലെ പ്രമുഖ ടീമുകൾ നേർക്കുനേർ പോരാടിയ ആദ്യദിനത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ്, ഹീറോസ്, മാംഗ്ലൂർ സ്ട്രൈക്കേഴ്സ്, ആർ.എൻ ക്ലബ് മാൻഹാൾ എന്നിവർ വിജയികളായി.
ആദ്യ മത്സരത്തിൽ ആർ.എൻ ക്ലബ് അൽ മാൻഹാൾ ടീം നാല് വിക്കറ്റിന് ലയൺസ് ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ലയൺസ് നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ.എൻ ക്ലബ് അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് ബാൾ ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടി ലക്ഷ്യം കണ്ടു. മാൻഹാൾ ടീമിലെ ആഷിക്ക് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രജിത്, ജോസ് എന്നിവർ മത്സരം നിയന്ത്രിച്ചു.
രണ്ടാം മത്സരത്തിൽ ടീം ഹീറോസ് 24 റൺസിന് അൽ ഹൊക്കൈർ ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഹീറോസ് നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൊക്കൈറിനു 10 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹീറോസിന്റെ ലിയോൺ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതാപൻ, മാണി എന്നിവർ മത്സരം നിയന്ത്രിച്ചു.
മൂന്നാം മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് 10 വിക്കറ്റിനു ഇ.ഡബ്ല്യു.എ തബൂക്കിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇ.ഡബ്ല്യു.എ നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ഏഴ് ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. മാസ്റ്റർ ബ്ലാസ്റ്റേഴ്സിലെ നുസ്ക്കി മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. അൻവർ, ഷെഹ്സാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
നാലാം മത്സരത്തിൽ റോയൽ തബൂക്കിനെ ഒമ്പത് വിക്കറ്റിന് മാംഗ്ലൂർ സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റോയൽ തബൂക്ക് നിശ്ചിത 10 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാംഗ്ലൂർ സ്ട്രൈക്കേഴ്സ് എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. മാംഗ്ലൂർ സ്ട്രൈക്കേഴ്സിന്റെ സാദിക്ക് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ധനേഷ്, അരുൺ എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.