ജിദ്ദ: മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമം കുറിച്ച് സാമൂഹിക പ്രവർത്തകനും മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ സ്വദേശിയുമായ കരീക്കുന്നൻ അബ്ദുൽ ഗഫൂർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു.
ജിദ്ദയിലെ ബവാദി ശാരാ ഹിറയിലെ ഇസ്തിഖ്ബാൽ കമ്പനി ജീവനക്കാരനാണ്. ജോലിത്തിരക്കുകൾക്കിടയിലും മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഗഫൂർ ഹാജി എസ്.ഐ.സി ബവാദി റബ്വ ഏരിയ, കെ.എം.സി.സി റബ്വ ഏരിയ കമ്മിറ്റികളിൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഗഫൂർ ഹാജിക്ക് ദേശ, ഭാഷ ഭേദമന്യേ വിശാലമായ സൗഹൃദവലയവുമുണ്ട്.
ഒരു ജീവനക്കാരൻ എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹവും പരിഗണനയും തന്ന് ചേർത്തുപിടിച്ച സ്പോൺസറെയും കുടുംബത്തെയും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
ജൈവകൃഷിയുടെ പ്രചാരകനായ ഗഫൂർ ഹാജി വർഷങ്ങളായി താമസ സ്ഥലത്തെ ടെറസിൽ നല്ലൊരു ജൈവ പച്ചക്കറി തോട്ടം ഒരുക്കി നൂറുമേനി വിളയിച്ചിട്ടുണ്ട്. നവംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങുന്ന ഗഫൂർ ഹാജിക്ക് നാട്ടുകാരായ സുഹൃത്തുക്കൾ യാത്രയയപ്പ് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.