പ്രവാസികൾക്ക് തൊഴിൽദാതാക്കൾ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പ്രവാസിയെ എത്രകണ്ട് രക്ഷിക്കുന്നുവെന്നും എത്രത്തോളം ശിക്ഷിക്കുന്നുവെന്നും ഒരു താരതമ്യപഠനം നടത്തിനോക്കിയാൽ വേർതിരിച്ചറിയാൻ കഴിയും.
ഒട്ടുമിക്ക ചെറുകിട കമ്പനികളും സ്വകാര്യസ്ഥാപനങ്ങളും അവരുടെ തൊഴിലാളികളുടെ തൊഴിൽരേഖകൾ പുതുക്കിക്കിട്ടുന്നതിന് ഇൻഷുറൻസ് നിർബന്ധമാണെന്നതുകൊണ്ട് അതിനുവേണ്ടി മാത്രമായി നൽകുന്ന ഇൻഷുറൻസ് സൗകര്യം ഏറ്റവും ചെലവുകുറഞ്ഞതും തൊഴിലാളിക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്തവയുമാണ്. തങ്ങളുടെ കൈവശമുള്ള ഇൻഷുറൻസ് രേഖയുമായി ആശുപത്രിയെ സമീപിക്കുന്ന പ്രവാസി നേരിടുന്നത് കടുത്ത മാനസികവും ശാരീരികവുമായ പ്രതിസന്ധികളാണ്.
രോഗം മൂർച്ഛിച്ച അവസ്ഥയിലാണെങ്കിൽപോലും ആശുപത്രി അധികൃതർ അയക്കുന്ന അപ്രൂവൽ റിക്വസ്റ്റ് ഇൻഷുറൻസ് കമ്പനി അംഗീകരിക്കുന്നതുവരെ രോഗി ആശുപത്രിയിൽ കാത്തിരിക്കേണ്ടിവരുന്നു. രാവിലെ മുതൽ ആശുപത്രിയുടെ പ്രവർത്തന സമയം തീരുന്നതുവരെയും കാത്തിരുന്നാൽ മിക്കവാറും ഇൻഷുറൻസ് കമ്പനികൾ റിക്വസ്റ്റ് അംഗീകരിച്ച് ആശുപത്രികൾക്കയക്കാറില്ല.
രോഗിയായ പ്രവാസി തന്റെ രോഗാവസ്ഥ വഷളായ അവസ്ഥയിൽ തന്റെ താമസസ്ഥലത്തേക്ക് തിരികെപോകുകയും അടുത്ത ദിവസം വീണ്ടും പഴയപടി ആശുപത്രി വരാന്തയിൽ കാത്തുകിടക്കേണ്ട ഗതികേടിലുമാണ്. ഇനി അടുത്ത ദിവസം അപ്രൂവൽ കിട്ടിയാൽ തന്നെ ഡോക്ടറെ കണ്ട് രോഗവിവരം ധരിപ്പിച്ച് കഴിഞ്ഞാൽ എന്തെങ്കിലും ലബോറട്ടറി പരിശോധനകൾ ആവശ്യമെങ്കിൽ അതിനുവേണ്ടി അടുത്ത റിക്വസ്റ്റ് അയക്കേണ്ടിയിരിക്കുന്നു. അതിന്റെ അപ്രൂവലിനുവേണ്ടിയുള്ള കാത്തിരിപ്പാണ് അടുത്തത്. വീണ്ടും ഡോക്ടർ മരുന്നുകൾ നിർദേശിക്കുന്നു. ഇനി ആ മരുന്നുകൾ ലഭ്യമാക്കാനുള്ള അംഗീകാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ആ മരുന്നുകൾ ലഭിക്കുമ്പോഴേക്കും രോഗിയുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
ലഭിക്കുന്ന മരുന്നുകളോ വേണ്ടത്ര പ്രയോജനം ചെയ്യാത്തതും ഇൻഷുറൻസ് പോളിസിയുടെ മൂല്യം കണക്കാക്കിയിട്ടുള്ളതുമാണ്. ഇൻഷുറൻസ് നിലവിലുള്ളപ്പോഴും രോഗി രോഗനിവാരണത്തിനു ആവശ്യമായ പല മരുന്നുകളും പണം കൊടുത്തു വാങ്ങേണ്ടിവരുന്നു. സാധാരണഗതിയിൽ ഇത്തരം ഇൻഷുറൻസ് ഉള്ളവർക്ക് ക്ലിനിക്കുകളിൽ മാത്രമേ ചികിത്സാസൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
ഇനി ഇത്തരം ക്ലിനിക്കുകളിലെത്തുന്ന രോഗി രോഗം മൂർച്ഛിച്ച അവസ്ഥയിലാണെങ്കിൽ അവിടെനിന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ഒരേർപ്പാടുണ്ട്. റഫർ അപ്രൂവലിനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പിന് ശേഷം ഇൻഷുറൻസ് കമ്പനി തീരുമാനിക്കുന്ന ഏതെങ്കിലും ആശുപത്രിയിലെത്തിച്ചേരുന്ന രോഗിയുടെ അവിടത്തെ ഇൻഷുറൻസ് ഓഫിസിനുമുന്നിൽ പുതിയ ആശുപത്രിയിലേക്കുള്ള അപ്രൂവലിനുവേണ്ടിയുള്ള കാത്തിരിപ്പ് ചിലപ്പോൾ ദിവസങ്ങളോളം തുടർന്നെന്നു വരും.
രോഗി എത്തിച്ചേരുന്ന ആശുപത്രി അധികൃതർ അപ്രൂവലിനു അയക്കുമ്പോൾ ഇൻഷുറൻസ് കമ്പനി ചോദിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ നൽകാത്തതുകാരണം രോഗി ദിവസങ്ങളോളം അപ്രൂവൽ കിട്ടാതെ കാത്തിരിപ്പു തുടരേണ്ട അവസ്ഥ വളരെ ദയനീയവും ക്രൂരവുമാണ്. ഒരുപക്ഷേ അപ്രൂവൽ കിട്ടിയാൽ തന്നെ തുടർചികിത്സക്കോ പരിശോധനകൾക്കോ ഉള്ള അപ്രൂവൽ കിട്ടാൻ പിന്നെയും നീണ്ട കാത്തിരിപ്പുകൾ.
ജീവിതച്ചെലവുകൾ വർധിച്ച നിലവിലെ സാഹചര്യത്തിൽ പണം കൊടുത്തു ചികിത്സിക്കാൻ കഴിവില്ലാത്ത പ്രവാസികൾ നേരിടുന്ന ഈ ദുരവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽകടന്നെത്തുന്ന പ്രവാസികളുടെ ജീവിതവും ജീവനും ഒരു മാനുഷിക പരിഗണനയുമില്ലാത്ത ഒരുവിഭാഗം ആളുകളുടെ അനാസ്ഥ കാരണം ഇരുളടഞ്ഞുപോകുമെന്നതിൽ സംശയമില്ല.
പ്രവാസികളുടെ നന്മക്കുവേണ്ടി നിലകൊള്ളുന്ന നിരവധി സംഘടനകൾ നിസ്തുലമായ പല പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇങ്ങനെയുള്ള നീതീകരിക്കാൻ പറ്റാത്ത പല ഇൻഷുറൻസ് കമ്പനികളുടെയും നിലപാടുകൾ ഉത്തരവാദപ്പെട്ട വകുപ്പുകളിലോ അധികൃതരുടെ ശ്രദ്ധയിലോ പെടുത്തി പ്രവാസസമൂഹത്തിന് അവർ അർഹിക്കുന്ന ചികിത്സാപരിഗണന ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.