അബഹ: അവധിക്ക് നാട്ടിൽ പോയിട്ട് യഥാസമയം തിരിച്ചുവരാൻ കഴിയാതെ കുരുക്കിലകപ്പെട്ട മലയാളിക്ക് തുണയായി മൂവർ സംഘം. മലപ്പുറം മഞ്ചേരി സ്വദേശി സിറാജാണ് സംഘത്തിന്റെ സമയോചിത ഇടപെടൽമൂലം രക്ഷപ്പെട്ടത്. കോവിഡ് കാലത്തിന് തൊട്ടുമുമ്പ് നാട്ടിൽ പോയ സിറാജ് മൂന്നു വർഷത്തിനുശേഷം പുതിയ വിസയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട്ടുനിന്ന് ഫ്ലൈ ദുബൈ വിമാനത്തിൽ അബഹയിലേക്ക് പുറപ്പെട്ടത്.
ദുബൈയിൽ വിമാനമിറങ്ങിയ ഇദ്ദേഹം അടുത്ത വിമാനത്തിനുവേണ്ടി ബോർഡിങ് പാസിൽ കണ്ട ഗേറ്റ് നമ്പർ നാലിൽ കാത്തിരുന്നു. സമയം കഴിഞ്ഞിട്ടും വിമാനം എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താൻ കാത്തിരുന്ന വിമാനം എഴാം നമ്പർ ഗേറ്റിൽനിന്ന് യാത്രക്കാരുമായി അബഹക്ക് പുറപ്പെട്ടെന്ന് അറിയുന്നത്. ഗേറ്റ് മാറ്റിയതും തന്നെ അധികൃതർ അന്വേഷിച്ചതും ഒന്നും അറിഞ്ഞില്ല. പരിഭ്രാന്തിയിലായ സിറാജ് വീട്ടുകാരുമായും ട്രാവൽ ഏജൻസിയുമായും ബന്ധപ്പെട്ടു. തുടർന്ന് 4000 റിയാൽ നൽകി ദുബൈയിൽനിന്ന് അബഹക്ക് ബുധനാഴ്ച പുറപ്പെട്ടു.
എന്നാൽ, പരീക്ഷണം അവിടെ തീരുന്നതായിരുന്നില്ല. അബഹയിലെത്തി എമിഗ്രേഷൻ പൂർത്തിയാക്കാൻ നോക്കിയതോടെ പഴയ ഇഖാമ കാലാവധി കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടില്ല എന്ന കാരണത്താൽ നാട്ടിലേക്ക് തിരിച്ചയക്കാൻ എയർപോർട്ടിലെ ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച നാട്ടിലേക്ക് മടക്കിയയക്കാനായി എയർപോർട്ടിലെത്തിച്ചു. അതിനിടെ പരിചയപ്പെട്ട മലയാളികളോട് തന്റെ അവസ്ഥ സിറാജ് പറഞ്ഞു. സമയോചിതമായി ഇടപെട്ട ഷൗക്കത്ത് (മെട്രോ), ബൈജു കണ്ണൂർ (പ്രവാസി സംഘം), സലാം (സഫയർ) എന്നിവർ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായും പഴയ സ്പോൺസറുമായും സംസാരിച്ചു.
പഴയ സ്പോൺസർ സിറാജ് സൗദിയിൽ ജോലി ചെയ്യുന്നതിന് പ്രശ്നമില്ലെന്ന് അറിയിക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കുകയും പുതിയ സ്പോൺസർ ഏറ്റെടുക്കുകയും ചെയ്തതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിൽ തുടരാൻ അനുവദിച്ചു. നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുമായിരുന്ന തന്നെ രക്ഷിക്കാൻ മാലാഖമാരെ പോലെയെത്തിയ മൂവർ സംഘത്തിന് കടപ്പെട്ടിരിക്കുന്നു തന്റെ പ്രവാസമെന്ന് സിറാജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.