ജുബൈൽ: പ്രവാസി അധ്യാപകൻ തന്റെ സ്കൂൾജീവിതത്തിലെ ഹൃദയസ്പർശിയായ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഒരു നിറകൺ ചിരിയിൽ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സൗദി ജുബൈൽ ഇന്ത്യൻ വിദ്യാലയത്തിലെ അധ്യാപകനും പന്തളം സ്വദേശിയുമായ എൻ. സനിൽകുമാർ തിരക്കഥയും സംഭാഷണവുമെഴുതി അനസ് പത്തനംതിട്ട സംവിധാനം ചെയ്ത ഹ്രസ്വസിനിമ പ്രവാസലോകത്തും നാട്ടിലും ജനപ്രീതി നേടുകയാണ്.
പിതാവിന്റെ അമിതപ്രതീക്ഷയുടെ ഭാരം ചുമലിലേറി സമ്മർദങ്ങൾക്ക് അടിമപ്പെട്ടു കഴിയേണ്ടിവരുന്ന മകന്റെയും അവന്റെ നല്ല ഭാവി എന്ന ലക്ഷ്യത്തിനായി ജീവിക്കുകയും യഥാർഥ സ്നേഹം നൽകാൻ മറന്നുപോവുകയും ചെയ്യുന്ന അച്ഛന്റെയും കഥ 17 മിനിറ്റിൽ ഒതുക്കിപ്പറയുകയാണ് ഈ സിനിമ.
ഇരുവരുടെയും സംഘർഷങ്ങൾക്കിടയിൽ ഒരധ്യാപകന് എങ്ങനെ സമർഥമായി ഇടപെടാമെന്നും ചിത്രം കാണിച്ചുതരുന്നു. ചോദിക്കുന്നതെല്ലാം വാങ്ങിനൽകിയിട്ടും മക്കൾ എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്ന രക്ഷിതാക്കൾക്ക് ഈ ഹ്രസ്വചിത്രത്തിൽ ഉത്തരമുണ്ട്. കുട്ടിക്ക് ആവശ്യമുള്ളതെന്ത് എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യതയില്ല. പ്രവാസലോകത്ത് മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും കുട്ടികളും രക്ഷിതാക്കളും നേരിടുന്ന സമകാലിക പ്രശ്നമാണിത്. മക്കളുടെ പ്രശ്നങ്ങൾ എന്തെന്ന് സ്നേഹപൂർവം ചോദിച്ചറിയേണ്ടവർക്ക് അതിന് കഴിയാതെ പോകുന്നു. ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ രക്ഷിതാക്കൾ ഇത്തരം കാര്യങ്ങൾ അവഗണിക്കുകയാണ്. പക്ഷേ, അതിനു നൽകേണ്ടിവരുന്ന വില ഗുരുതരമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
മക്കൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആരോഗ്യകരമായ ജീവിതസാഹചര്യം വളർത്തിയെടുക്കാൻ ബോധപൂർവം ശ്രമിക്കേണ്ടതിന്റെ ആവശ്യകതയാണ് ചിത്രം നൽകുന്ന ഗുണപാഠം. ഇടുക്കി ജില്ലയിലെ വാഗമൺ, പൈൻ വാലി, പാഞ്ചാലി മേട് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കാമറ പ്രിൻസ് തടത്തിൽ. അനസ് പത്തനംതിട്ട, എൻ. സനിൽകുമാർ, അഖിൽ ജിത്ത്, ദേവജിത്, സത്യജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.