റിയാദ്: പ്രവാസലോകത്തെ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനും ക്രീസിൽ നിറഞ്ഞു നിൽക്കുന്ന ഓൾറൗണ്ടറുമാണ് ഫഹദ് മുഹമ്മദ്. തകർപ്പൻ ബാറ്ററും കൃത്യതയും വേഗവുമുള്ള മീഡിയം പേസ് ബൗളറുമായ ഫഹദ് റിയാദിലെ കളിക്കളങ്ങളിൽ മിന്നും താരമാണ്.
ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ്, ഫുട്ബാൾ മുതലായ കായികയിനങ്ങളിൽ പ്രാദേശിക ജില്ല സംസ്ഥാന തലങ്ങളിൽ കഴിവ് തെളിയിച്ച ഇദ്ദേഹം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദിലെ ഗ്ലോബൽ എനർജി ട്രേഡിങ് കമ്പനിയിലെ സെയിൽസ് എൻജിനീയറുമാണ്. നാട്ടിൽ കായികരംഗത്ത് സജീവമായിരിക്കെയാണ് പ്രവാസത്തിെൻറ വാതിൽ അപ്രതീക്ഷിതമായി തുറക്കപ്പെടുന്നത്.
വിവിധ ദേശക്കാരുടെ കൂടെ കളിക്കാനും ടൂർണമെന്റുകളിൽ മാറ്റുരക്കാനുമുള്ള അവസരം ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണ്. ഇപ്പോൾ സൗദി ക്രിക്കറ്റ് ഫെഡറേഷെൻറ കീഴിലുള്ള റിയാദ് ക്രിക്കറ്റ് അസോസിയേഷൻ ലീഗിൽ കളിക്കുന്നു. 2020 ൽ ഇന്റർസിറ്റി ടൂർണമെന്റിൽ 'റിയാദ് സിറ്റി'ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
കൊല്ലം ജില്ല അണ്ടർ 23 ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ക്വയിലോൺ ക്രിക്കറ്റ് അസോസിയേഷെൻറ കീഴിൽ നടക്കുന്ന ജില്ല എ-ഡിവിഷൻ ലീഗ് മത്സരങ്ങളിൽ ഓക്സ്ഫോർഡ് സി.സിക്ക് വേണ്ടി കളിക്കുകയും ചാമ്പ്യന്മാരാവുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രമുഖമായ പല ടൂർണമെന്റുകളിലും നിരവധി തവണ പാഡണിഞ്ഞിട്ടുണ്ട്. റിയാദ് ക്രിക്കറ്റ് അസോസിയേഷൻ ലീഗിൽ ചാലഞ്ചേഴ്സ് ക്ലബിന് വേണ്ടി 92 മത്സരങ്ങൾ കളിച്ച ഫഹദ് 43 ആവറേജിൽ 3040 റൺസും 74 വിക്കറ്റും നേടിയിട്ടുണ്ട്. ഇതിൽ ഏഴ് സെഞ്ചുറിയും 13 ഫിഫ്റ്റിയും ഉൾപ്പെടുന്നു. രണ്ടു തവണ ചാമ്പ്യന്മാരായ ചാലഞ്ചേഴ്സ് ക്ലബ്ബിെൻറ ബെസ്റ്റ് ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റിയാദിലെ പ്രമുഖ ക്രിക്കറ്റ് അസോസിയേഷനുകളായ കെ.സി.എ, എം.സി.എ, ആർ.സി.എ എന്നിവയിൽ മെംബറാണ്.
ഇന്ത്യൻ നിരയിലെ വിരാട് കോഹ്ലിയും ഇംഗ്ലണ്ടിെൻറ മുൻ ബാറ്റർ കെവിൻ പീറ്റേഴ്സനുമാണ് ഫഹദിെൻറ ഇഷ്ടതാരങ്ങൾ. ശാരീരിക ക്ഷമതയും നൈരന്തര്യമുള്ള പരിശീലനവുമാണ് ഓരോ കായികതാരത്തിെൻറയും വിജയപ്രാപ്തിയുടെ അടിസ്ഥാനശിലയെന്ന് ഫഹദ് മുഹമ്മദ് ഉറച്ചു വിശ്വസിക്കുന്നു.
അഞ്ചു വർഷമായി റിയാദിലെ ബത്ഹയിലാണ് താമസം. ഭാര്യ ഷാമിലയും മകൾ അമാൽ റൂമിയും നാട്ടിലാ
ണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.