ഖമീസ് മുശൈത്ത്: കെ.എം.സി.സി പ്രീമിയർ സോക്കർ 2022 ഫുട്ബാൾ ടൂർണമെൻറിലെ ആവേശകരമായ കലാശപ്പോരിൽ ഇഞ്ചോടിഞ്ച് പൊരുതിയ കാസ്ക് ഖമീസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി, ഫാൽക്കൺ എഫ്.സി ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു. താരനിബിഡമായ വമ്പൻ ടീമുകളെ നിഷ്പ്രഭമാക്കി കിരീടപ്രതീക്ഷയോടെ അന്തിമ പോരാട്ടത്തിനിറങ്ങിയ ടീം കാസ്കിനെ സമനിലയിൽ തളച്ചതോടെയാണ് ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ബാറിനു കീഴിൽ രക്ഷകനായി നിലയുറപ്പിച്ച കീപ്പർ ഷറഫുവിന്റെയും കേരള താരങ്ങളായ അഫ്സൽ മുത്തുവിന്റെയും ഫഹീമിന്റെയും നേതൃത്വത്തിൽ മൈതാനം നിറഞ്ഞു കളിച്ച പത്തംഗ സംഘത്തിന്റെയും ചിറകിലേറി മൈ കെയർ ഫാൽക്കൺ സീസണിലെ അഞ്ചാം കിരീടവും ഖാലിദിയ മെഡിക്കൽ കോംപ്ലക്സ് നൽകിയ 15,555 റിയാൽ പ്രൈസ് മണിയും സ്വന്തമാക്കി. കംഫർട്ട് ട്രാവൽസ് റണ്ണേഴ്സ് ട്രോഫിയും ശിഫ അൽഖമീസ് മെഡിക്കൽ കോംപ്ലക്സ് നൽകിയ 7777 റിയാൽ പ്രൈസ് മണിയും കാസ്ക് ക്ലബിന് സമ്മാനിച്ചു.
എട്ടു ടീമുകൾ അണിനിരന്ന നോക്കൗട്ട് മത്സരങ്ങളുടെ ആദ്യ റൗണ്ടിൽ കാസ്ക് ക്ലബ് ജീസാൻ ഇന്ത്യൻ ഹീറോസിനെയും മന്തി ജസീറ മെട്രോ സ്പോർട്സിനെയും പരാജയപ്പെടുത്തി സെമിയിലെത്തി. ലയൺസ് എഫ്.സിയെ തുരത്തി ഖമീസ് സനാഇയയും ഫിഫ എഫ്.സിയെ മറികടന്ന് മൈ കെയർ എഫ്.സിയും സെമി ബെർത്ത് ഉറപ്പിച്ചു.
സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ജിജോ ജോസഫ്, ജെസിൻ, ഇന്ത്യൻതാരം വി.പി. സുഹൈർ തുടങ്ങി സൂപ്പർ താരങ്ങളുമായി മത്സരത്തിനിറങ്ങിയ മന്തി ജസീറ റിജാൽ അൽമ ക്ലബ് കെ.എം.സി.സി പ്രീമിയർ സോക്കറിലെ മികച്ച ടീമിനുള്ള ട്രോഫി കരസ്ഥമാക്കി. അഫ്സൽ മുത്തു (ഫാൽക്കൺ) ആണ് ടോപ് സ്കോറർ. മികച്ച കളിക്കാരനായി ഹസ്സനെയും (കാസ്ക്) ഗോൾകീപ്പറായി ഷറഫുവിനെയും (ഫാൽക്കൺ) ഡിഫൻഡറായി ഫാരിസിനെയും (മന്തി റിജാൽ അൽമ) തെരഞ്ഞെടുത്തു. മനാഫ് (കാസ്ക്), അഫ്സൽ മുത്തു (ഫാൽക്കൺ), ആദിൽ (മെട്രോ), വിഷ്ണു (ഖമീസ് സനാഇയ), ഫവാസ് (കാസ്ക്) എന്നിവർ വിവിധ മത്സരങ്ങളിൽ കളിയിലെ കേമന്മാരായി.
ടൂർണമെന്റിന്റെ കിക്കോഫ് അൽദമക് എഫ്.സി അസിസ്റ്റന്റ് ഡയറക്ടർ സാലിഹ് നിർവഹിച്ചു. മന്തി ജസീറ റിജാൽ അൽമ എം.ഡി മുഹമ്മദ് കുട്ടി കൂനേരിയെ ചടങ്ങിൽ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ, ടൂർണമെന്റ് കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് കുട്ടി മാതാപ്പുഴ, സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടറി മുജീബ് ഉപ്പട, സംഘാടക സമിതി ജനറൽ കൺവീനർ സിറാജ് വയനാട്, ഖാലിദിയ മെഡിക്കൽ കോംപ്ലക്സ് ഓപറേഷൻസ് മാനേജർ ഫസീല എന്നിവർ വിവിധ ട്രോഫികൾ വിതരണം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.