യാംബു: യാംബുവിൽനിന്ന് യു.കെയിലേക്ക് ജോലി മാറിപ്പോകുന്ന നഴ്സ് ദമ്പതികളായ കോഴിക്കോട് കാവിലുംപാറ സ്വദേശി ജോസഫ്, ബെല്ല എന്നിവർക്ക് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. യാംബു റോയൽ കമീഷൻ നാഷനൽ ആശുപത്രിയിൽ ഏഴു വർഷമായി ആതുരസേവന മേഖലയിൽ ജോലിചെയ്തിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് മഹത്തായ സേവനം കാഴ്ച്ച വെച്ച ഈ ദമ്പതികൾ രോഗികളുടെ വീടുകളിൽചെന്ന് ആതുരസേവനം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.
നവോദയയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇവർ സജീവമായി രംഗത്തുണ്ടായിരുന്നു. കോവിഡ് കാലത്തെ ആതുരമേഖലയിലെ വേറിട്ട സേവനം കാഴ്ചവെച്ച ഈ ദമ്പതികൾക്ക് കഴിഞ്ഞവർഷം യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. നവോദയ യാംബു ഏരിയ ആർ.സി. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്നു ജോസഫ്. ദമ്പതികൾക്കുള്ള നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആർ.സി യൂനിറ്റ് പ്രസിഡന്റ് സ്കറിയ വർഗീസ് കൈമാറി. ജിദ്ദ നവോദയ യാംബു രക്ഷാധികാരി ഗോപി മന്ത്രവാദി, ഏരിയ സെക്രട്ടറി അജോ ജോർജ്, ട്രഷറർ സിബിൾ ഡേവിഡ് ബേബി, ആർ.സി യൂനിറ്റ് പ്രസിഡന്റ് സ്കറിയ വർഗീസ്, സെക്രട്ടറി ജോമോൻ തായങ്കരി എന്നിവർ സംസാരിച്ചു.
യാംബുവിലെ ആതുര മേഖലയിലുള്ള സേവനപ്രവർത്തനങ്ങളും നവോദയയോടൊത്തുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതത്തിൽ ഏറെ പ്രചോദനം നൽകുന്നതായും ജോസഫും ബെല്ലയും മറുപടി പ്രസംഗത്തിൽ പറഞ്ഞു. നവോദയ യാംബു ഏരിയ പ്രസിഡന്റ് വിനയൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.