ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് 2023 മത്സരങ്ങൾ നടക്കുന്ന ജിദ്ദയിലെ തയാറെടുപ്പുകൾ ഗവർണർ അമീർ സഉൗദ് ബിൻ അബ്ദുല്ല ബിൻ ജലവി പരിശോധിച്ച് വിലയിരുത്തി. ഒരുക്കം അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പെങ്കടുത്തു. ഡിസംബറിൽ ആരംഭിക്കുന്ന ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തെക്കുറിച്ച് ഗവർണർക്ക് ബന്ധപ്പെട്ടവർ വിശദീകരിച്ചു നൽകി. ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം ഗവർണർ യോഗത്തിൽ പറഞ്ഞു.
പ്രധാന കായികമത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രാപ്തമാക്കുന്ന വിപുലമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ജിദ്ദ ഗവർണറേറ്റിലുണ്ട്. ‘വിഷൻ 2030’ന് അനുസൃതമായി കായിക മേഖലക്ക് ലഭിക്കുന്ന ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണയുടെ വെളിച്ചത്തിലാണ് ഇൗ സൗകര്യങ്ങളെന്നും ഗവർണർ പറഞ്ഞു. ഡിസംബർ 12 മുതൽ 22 വരെ ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ സൗദി അറേബ്യയിലെ അൽ ഇത്തിഹാദ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽ അഹ്ലി, മെക്സികോയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലൻഡിലെ ഓക്ലൻഡ് സിറ്റി എന്നീ ഏഴു ക്ലബുകളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.