റിയാദ്: ബിനാമി ഇടപാടുകൾ തടയുന്നതിനായി രാജ്യത്തെ വിവിധ മേഖലകളിൽ 4,000 പരിശോധന സന്ദർശനങ്ങൾ നടത്തി. ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ഒക്ടോബറിലാണ് ഇത്രയും പരിശോധന സന്ദർശനങ്ങൾ നടന്നത്.
വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കുറ്റകൃത്യങ്ങളും ബിനാമി വിരുദ്ധ സംവിധാനത്തിന്റെ ലംഘനങ്ങളും നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത്.
പുരുഷന്മാരുടെ വസ്ത്രങ്ങളുടെ ചില്ലറ വിൽപന സ്ഥാപനങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങളുടെ സെൻട്രൽ മാർക്കറ്റുകൾ, താമസ കെട്ടിടങ്ങളുടെ പൊതുവായ നിർമാണം, പഴം-പച്ചക്കറി ചില്ലറവിൽപന കടകൾ, പാർസൽ സേവനമുള്ള റെസ്റ്റാറന്റുകൾ എന്നിവ സന്ദർശനം നടത്തിയ സ്ഥാപനങ്ങളിലുൾപ്പെടും.
സന്ദർശനങ്ങൾക്കിടയിൽ 156 സംശയാസ്പദമായ ബിനാമി കേസുകൾ കണ്ടെത്തി. ലംഘനം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ കൂടുതൽ പരിശോധനക്കും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിയമലംഘകരെ റഫർ ചെയ്തു.
അഞ്ച് വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, കള്ളപ്പണം പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ എന്നിവ ബിനാമി ഇടപാടുകളിലേർപ്പെടുന്നവർക്കുള്ള ശിക്ഷകളിൽ ഉൾപ്പെടുന്നു. നിയമം അനുശാസിക്കുന്ന അനുബന്ധ പിഴകൾക്ക് പുറമേയാണിത്.
സ്ഥാപനം അടച്ചുപൂട്ടൽ, പ്രവർത്തനം അവസാനിപ്പിക്കൽ, വാണിജ്യ രജിസ്ട്രേഷൻ എഴുതിത്തള്ളൽ, വാണിജ്യ പ്രവർത്തനങ്ങളിൽനിന്ന് അവരെ തടയൽ, സകാത്തും ഫീസും നികുതിയും ഈടാക്കൽ, വിദേശികളെ നാടുകടത്തൽ, ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കാതിരിക്കൽ തുടങ്ങിയവ അനുബന്ധ ശിക്ഷകളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.