ദമ്മാം: ജീവിതങ്ങളുടെ വൈവിധ്യം പറയുന്ന മാധ്യമമെന്ന നിലയിൽ സിനിമകൾ ആഴത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്താറുണ്ട്. അതുകൊണ്ടുതന്നെ നിരവധി സിനിമകൾ ഒരേ വേദിയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചലച്ചിത്രമേളകൾ ദേശത്തിന്റെ സംസ്കാരത്തേയും, കലയേയും ആഴത്തിൽ സ്വാധീനിക്കുകയും, പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുമെന്ന് പ്രശസ്ഥ സിനിമാ നിരൂപകനും, ഗ്രന്ഥകാരനുമായ വി.കെ. ജോസഫ് പറഞ്ഞു. ദമ്മാമിൽ ‘ഇത്ര’യിൽ നടക്കുന്ന പത്താമത് സൗദി ചലച്ചിത്രോത്സവത്തിൽ ഡോക്യുമെന്ററി വിഭാഗത്തിൽ വിധികർത്താവായെത്തിയ അദ്ദേഹം ’ഗൾഫ് മാധ്യമത്തോട്’ സംസാരിക്കുകയായിരുന്നു. 10 വർഷങ്ങൾക്കുശേഷം സൗദിയിലെത്തിയ തന്നെ ഇവിടുത്തെ മാറ്റങ്ങൾ വിസ്മയിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് സ്ത്രീകളുടെ മുന്നേറ്റം. അവർ സമൂഹത്തിൽ എത്രത്തോളം ചലനാത്മകമാകുന്നുവോ അത്രത്തോളം ആ രാജ്യം പുരോഗതിയിലേക്ക് ഉയർന്നുവെന്ന് നമുക്ക് നിസ്സംശയം പറയാനാകും.
സൗദിയിൽ കാര്യമായ മാറ്റങ്ങൾ നടക്കുന്നുവെന്ന് പലപ്പോഴും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുക്കുമ്പോഴൊക്കെ കണ്ടുമുട്ടുന്ന അറബ് സുഹൃത്തുക്കളിൽ നിന്നറിഞ്ഞിരുന്നു. 2012 ലാണ് സൗദിയിൽ നിന്ന് ഹൈഫ അൽ മൺസൂർ എന്ന സ്ത്രീ സംവിധാനം ചെയ്ത ’വജ്ദ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. ലോകം മുഴുവനുമുള്ള ചലച്ചിത്രമേളകളിൽ അത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്കിത് മൊഴിമാറ്റം ചെയ്യപ്പെട്ടു. ആ സിനിമ ചെയ്യാൻ അവർ ഏറെ ക്ലേശം അനുഭവിക്കേണ്ടിവന്നു. പലപ്പോഴും കാറിൽ ഒളിച്ചിരുന്നു പോലും അവർക്ക് ഷൂട്ട്ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ സൗദിയിലിത് അനുവദിക്കപ്പെടുന്നതോടെ എത്രയെത്ര മനോഹരമായ കഥകളാകും പുറത്തു വരുക. സൗദിയിലെ 'ഇത്ര'യിൽ രൂപപ്പെടുത്തിയിരിക്കുന്ന തിയറ്ററുകൾ ലോകനിലവാരം പുലർത്തുന്നതാണ്. സിനിമകളുടെ അണിയറകളിലെ സാന്നിധ്യത്തിന് സ്ത്രീ, പുരുഷ വ്യത്യാസമില്ല.
നമ്മുടെ സിനകളെ മാറ്റിമറിച്ചത് കഴിഞ്ഞ 25 കൊല്ലമായി നമ്മൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്രമേളകൾ തന്നെയാണ്. പഴയ സങ്കൽപങ്ങളെ പൊളിച്ചെഴുതി ചെറുപ്പക്കാർ പുതിയ കഥകളും, കഥപറയുന്ന വ്യത്യസ്ത രീതികളുമായി അരങ്ങ് വാഴുകയാണ്. ചലച്ചിത്ര മേളകൾ അത്രത്തോളമാണ് പതിവ് രീതികളെ പൊളിച്ചെഴുതുന്നത്. മേളകളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളുടെ ലാളിത്യം അവരെ സ്വാധീനിക്കുന്നു. സൗദിയിലും ചലച്ചിത്ര മേളകൾ നിർവ്വഹിക്കാൻ പോകുന്നത് ആ പങ്കാണ്. കേവലം ചിത്രപ്രദർശനങ്ങൾ മാത്രമല്ല സൗദി ചലച്ചിത്രോത്സവം. മറിച്ച് സിനിമയുടെ എല്ലാ മേഖലകളിലും കൂടുതൽ നിലവാരം കൊണ്ടുവരുന്നതിനുള്ള പരിശീലനങ്ങൾ അവർ നൽകുന്നു. ഇവിടുത്തെ യുവജനങ്ങൾ അത് ഏറ്റെടുക്കുകയാണ്. കച്ചവടം ലക്ഷ്യമിട്ട് ഇവടേക്ക് വന്നവരും അതിൽ വിജയിക്കുന്നുണ്ട്. സൗദിയിലെ തിയേറ്ററുകൾ വൻ വരുമാനമാണ് കൊണ്ടുവരുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്നീനിലകളിൽ ശ്രദ്ധേയനായ വി.കെ ജോസഫും, എം.കെ രാവേന്ദ്രയുമായി ചേർന്ന് എഴുതിയ ‘ക്രിറ്റിക് ഓൺ സിനിമ’എന്ന ഗ്രന്ധം അറബിയലേക്ക് വിവർത്തനം ചെയ്ത് സൗദി ചലച്ചിത്രമേളയോട് ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കും. സിനിമ, കവിത, യാത്രാ വിവരണം തുടങ്ങിയ മേഖലകളിലായി 10 ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ', 'കാഴ്ച്യുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി.കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ.
2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണ കമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബൂദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു. 'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി.കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും, ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. വിഷ്വൽ മീഡിയ കോപ്പഓറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.