ജിദ്ദ: സാമ്പത്തിക തട്ടിപ്പ് നടത്തിയ സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും സൗദി കോടതി ശിക്ഷ വിധിച്ചു. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആളുകളെ കബളിപ്പിച്ച് 18 ലക്ഷം റിയാൽ പ്രതി തന്റെ ‘ഷെൽ കമ്പനി’ മുഖേന നിക്ഷേപ കരാറുണ്ടാക്കുകയും അതുവഴി സാമ്പത്തിക നിക്ഷേപം നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾക്ക് വേണ്ടി മേൽ കോടതിയിലേക്ക് റഫർ ചെയ്യുകയും വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.
ഏതൊരാളും സാമ്പത്തിക നിക്ഷേപം നടത്തുമ്പോൾ ആദ്യം നിക്ഷേപ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആധികാരികത ഉറപ്പുവരുത്താനും മികച്ച നിക്ഷേപ രീതികൾ പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മറ്റുള്ളവരുടെ പണം പിടിച്ചെടുക്കാൻ ഏതെങ്കിലും തരത്തിലുള്ള വഞ്ചനാപരമായ മാർഗങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുകയും ശിക്ഷനടപടികൾക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയും ദേശീയ സമ്പദ്വ്യവസ്ഥയെയും തകർക്കാൻ ശ്രമിക്കുന്ന രീതിയിലുള്ള ഏത് പ്രവർത്തനങ്ങളും ശിക്ഷാർഹമാണെന്നും കഠിനശിക്ഷകൾ നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ആർക്കും ചെയ്യില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക രംഗത്തെ ചൂഷണങ്ങളും വിശ്വാസവഞ്ചനയും ഗുരുതര കുറ്റമായി കണക്കാക്കണമെന്നും അവ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമുള്ളവരെ അറിയിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.