ജിദ്ദ: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ സംഖ്യ 50 ശതമാനം കുറക്കാനുള്ള തീരുമാനത്തിൽ നാലു ലംഘനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ സംഖ്യ 50 ശതമാനം കുറക്കാനുള്ള രാജകീയ ഉത്തരവ് നടപ്പാക്കാനുള്ള തീയതി അടുത്തുകൊണ്ടിരിക്കെയാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച ആളുകളുടെ ചോദ്യങ്ങൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഉത്തരം നൽകിവരികയാണ്.
കുമിഞ്ഞുകൂടിയ ട്രാഫിക് ലംഘനങ്ങളുടെ 50 ശതമാനം ഇളവ്ഏപ്രിൽ 18ന് പ്രാബല്യത്തിൽ വരും. സമയപരിധി ഒക്ടോബർ 18ന് അവസാനിക്കും. തീരുമാനം പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും പ്രയോജനകരമാണ്. തീരുമാനം നടപ്പാകുന്നതിന്റെ തലേദിവസം വരെ നടത്തിയ എല്ലാ ലംഘനങ്ങളും ഇളവിൽ ഉൾപ്പെടുന്നുവെന്നും സൗദി ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.
ഇളവ് കാലയളവിൽ നാലു നിയമലംഘനങ്ങൾ നടത്തിയാൽ കിഴിവിൽനിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ട്രാഫിക് ഡിപ്പാർട്ട്മെൻറ് സൂചിപ്പിച്ചു. റോഡിൽ വാഹനമുപയോഗിച്ച് അഭ്യാസം നടത്തുക, മയക്കുമരുന്നിന്റെയോ നിരോധിത വസ്തുക്കളുടെയോ സ്വാധീനത്തിൽ വാഹനം ഓടിക്കുക,120 കി.മീ / മണിക്കൂർ വേഗ പരിധിയുള്ള റോഡുകളിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി കവിയുക, അല്ലെങ്കിൽ 140 കി.മീ / മണിക്കൂർ വേഗപരിധിയുള്ള റോഡുകളിൽ 30 കി.മീ വേഗത പരിധി കവിയുക എന്നിവയാണ് തീരുമാനത്തിൽ ഉൾപ്പെടാത്ത നിയമലംഘനങ്ങളെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.