ദമ്മാം: മത്സ്യത്തൊഴിലാളികൾക്ക് ജീവിത പ്രത്യാശ പകർന്ന് ആറുമാസം നീണ്ടുനിൽക്കുന്ന ചെമ്മീൻ ചാകര ആഗസ്റ്റ് ഒന്ന് മുതൽ. എറിയുന്ന വലകളിൽ പിടക്കുന്ന ചെമ്മീനുകൾ നിറയുന്ന വസന്തോത്സവത്തെ വരവേൽക്കാൻ തയാറെടുപ്പുകളെല്ലാം പൂർത്തീകരിച്ച് കാത്തിരിക്കുകയാണ് കടലിന്റെ മക്കൾ. വടക്ക് ഖഫ്ജി മുതൽ തെക്ക് ഉഖൈർ വരെ ഏകദേശം 1,000 കി.മീ വ്യാപിച്ചുകിടക്കുന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ അറേബ്യൻ ഗൾഫ് തീരങ്ങളിലാണ് മനസ്സും വയറും സമ്പാദ്യപ്പെട്ടിയും നിറക്കും ചെമ്മീൻ ചാകര.
ഈ സീസണിലേക്ക് ചെറുതും വലുതുമായി 710 മത്സ്യബന്ധന ബോട്ടുകൾക്കാണ് കടലിലിറങ്ങാനും ചെമ്മീനുകളെ വലയിലാക്കാനും അധികൃതർ അനുമതി നൽകിയിട്ടുള്ളത്.
മനിഫ തുറമുഖത്ത് 30 ഉം സഫാനിയ കടൽ മേഖലയിൽ 20 ഉം മത്സ്യബന്ധന ബോട്ടുകൾ ചെമ്മീനുകൾ വാരാൻ പേർഷ്യൻ ഉൾക്കടലിലേക്ക് നീങ്ങും. ഏറ്റവും കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനം നടത്തുക ജുബൈൽ മേഖലയിലാണ്. 330 ബോട്ടുകൾ ഇവിടെ കടലിലിറക്കും. ഖത്വീഫിൽ 160 ഉം ദാരിൻ ദ്വീപിൽ 170 ഉം ബോട്ടുകൾ ചെമ്മീൻ കോരാനിറങ്ങും.
അനുമതിയില്ലാതെ കടലിൽ പ്രവേശിക്കുകയും അനധികൃത മത്സ്യബന്ധനത്തിന് തുനിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽമേഖല കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ കിഴക്കൻ പ്രവിശ്യ ബ്രാഞ്ച് ഡയറക്ടർ ഫഹദ് ബിൻ അഹ്മദ് അൽ ഹംസി പറഞ്ഞു. ചെമ്മീൻ മത്സ്യബന്ധന പെർമിറ്റ് നൽകുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി എടുത്തിരുന്ന സമയദൈർഘ്യവും കുറച്ചിട്ടുണ്ട്. അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി നടപടിക്രമങ്ങളെല്ലാം ഇപ്പോൾ എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന് കീഴിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനും ബോട്ടുകൾക്ക് പുതിയ എൻജിനുകളും ആശയവിനിമയത്തിന് എമർജൻസി റേഡിയോകളും വിതരണത്തിനും ഉൾപ്പെടെ പദ്ധതികൾ പുരോഗമിക്കുകയാണ്. സൗദിയുടെ പാരമ്പര്യ തൊഴിൽ മേഖല എന്ന അർഥത്തിൽ സുസ്ഥിര മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും മന്ത്രാലയം ഏറെ ശ്രദ്ധ നൽകാറുണ്ട്.
ഈ രംഗത്ത് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളാണ് അധികമായും തൊഴിലെടുക്കുന്നത്. ചെമ്മീൻ പ്രജനനം സംരക്ഷിക്കാൻ ആറു മാസം ഏർപ്പെടുത്തിയിരുന്ന ട്രോളിങ് നിരോധനത്തിനു ശേഷമാണ് തൊഴിലാളികൾക്ക് വീണ്ടും കടലിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. സൗദിയുടെ മത്സ്യവിപണിയിൽ ഉത്സവം തീർക്കുന്ന കാലം കൂടിയാണ് ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്നത്.
വറുതിക്കാലത്തിന് അറുതി വരുത്തുന്ന ചാകരയെ നേട്ടമാക്കാൻ നാട്ടിൽ അവധിയിലായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും തിരച്ചെത്തിയിട്ടുണ്ട്.
വലകളുടെ കണ്ണികൾ ശരിയാക്കുന്നതും ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കലും ഉൾപ്പെടെ എല്ലാം ജോലികളും പൂർത്തീകരിച്ച് കടൽ വിളിക്കുന്നതും കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.