ജിദ്ദ: അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്- ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി-ഇന്ത്യ സാംസ്കാരികോത്സവത്തിന് ജിദ്ദയില്‍ അരങ്ങൊരുങ്ങുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് ഒന്ന് ജനുവരി 19ന് വൈകീട്ട് ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘5K Camaraderie’ (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന ശീർഷകത്തിൽ നടക്കുന്ന ഫെസ്റ്റിവലിെൻറ ബ്രോഷര്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പ്രകാശനം ചെയ്തു. പൗരാണികകാലം മുതല്‍ തുടരുന്ന സൗദി ഇന്ത്യന്‍ സാംസ്കാരിക വിനിമയം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഫെസ്റ്റിവലെന്നും പരിപാടി വന്‍വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഫെസ്റ്റിവലിെൻറ കോണ്‍സുലേറ്റ് കോഓഡിനേറ്റര്‍ കൂടിയായ ഹജ്ജ് ആൻഡ് കമേഴ്സ്യല്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ് ആൻഡ് ഇന്‍ഫര്‍മേഷന്‍-കൾചര്‍ വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം, ജി.ജി.ഐ പ്രസിഡന്റ് ഹസന് ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡൻറ് ജലീല്‍ കണ്ണമംഗലം, ഇവൻറ് കണ്‍വീനര്‍ സക്കരിയ ബിലാദി എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഇത്തരമൊരു സാംസ്കാരികോത്സവത്തില്‍ ഇന്ത്യന്‍ വംശജരായ നൂറുകണക്കിന് സൗദി പ്രമുഖരും ഇന്ത്യക്കാരും കുടുംബങ്ങളുമടക്കം 2,000ത്തോളം പേര് പങ്കെടുക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു. സൗദി കലാകാരന്മാരും ഇന്ത്യന്‍ കലാപ്രതിഭകളും അണിനിരക്കുന്ന അറബ്, ഇന്ത്യന്‍ പരമ്പരാഗത കലാപരിപാടികള്‍ സാംസ്കാരികോത്സവത്തില്‍ അരങ്ങേറും.
പരസ്പര വിശ്വാസ്യതയുടെയും ഊഷ്മള സൗഹൃദപ്പെരുമയുടെയും വീരഗാഥകളാല്‍ സമ്പന്നമായ പൗരാണികകാലം മുതലുള്ള അറബ് - ഇന്ത്യ സാംസ്കാരിക വിനിമയത്തിെൻറയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ അനാവരണം ചെയ്യുന്ന ഡോക്യുമെൻററി സാംസ്കാരികോത്സവത്തിെൻറ സവിശേഷതകളിലൊന്നായിരിക്കും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽനിന്നുള്ള ഗള്‍ഫ് കുടിയേറ്റ ഇടനാഴിയുടെ സ്പന്ദനങ്ങള്‍ സാംശീകരിക്കുന്നതും പ്രവാസചരിതത്തിെൻറ ഉജ്ജ്വല ഏടുകള്‍ അനാവൃതമാവുന്നതുമായിരിക്കും ആഘോഷപരിപാടികളെന്ന് ജി.ജി.ഐ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.