റിയാദ്: ‘ഫൈവ് വേഴ്സസ് ഫൈവ്’ ബോക്സിങ് പോരാട്ടത്തിന് റിയാദ് വേദിയാവും. നടത്തിപ്പുകാരായ ഇംഗ്ലീഷ് ബോക്സിങ് മാനേജരും ക്വീൻസ്ബെറി കമ്പനി ഉടമയുമായ ഫ്രാങ്ക് വാറൻ, ബ്രിട്ടീഷ് ഇൻറർനാഷനൽ ബോക്സിങ് ടൂർണമെൻറ് പ്രൊമോട്ടർ എഡ്ഡി ഹെർൺ എന്നിവരുമായി സൗദി പൊതുവിനോദ അതോറിറ്റി സഹകരണ കരാറിൽ ഒപ്പുവെച്ചതായി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു. മാർച്ചിൽ ആൻറണി ജോഷ്വയും ഫ്രാൻസിസ് നഗന്നൂവും തമ്മിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിനിടയിൽ നടക്കുന്ന വാർത്തസമ്മേളനത്തിൽ ‘ഫൈവ് വേഴ്സസ് ഫൈവ്’ ബോക്സിങ് തീയതിയും ബോക്സർമാരുടെ പട്ടികയും പ്രഖ്യാപിക്കും.
ബോക്സിങ് ലോകത്ത് ഇത്തരത്തിലുള്ള സഹകരണമാണ് കായിക പ്രേമികൾ കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ ബോക്സർമാർ വരാനിരിക്കുന്ന ‘ഫൈവ് വേഴ്സസ് ഫൈവ്’ പോരാട്ടത്തിൽ പങ്കെടുക്കും. ആവേശകരമായ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും ആരാധകർക്ക് അഭൂതപൂർവമായ വിനോദവും കായിക മത്സരങ്ങളും വാഗ്ദാനം ചെയ്യുന്ന പങ്കാളിത്തം സ്ഥാപിക്കുന്നതിനുമാണ് റിയാദ് കലണ്ടറിലുടെ പൊതുവിനോദ അതോറിറ്റി ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള ബോക്സിങ് ആരാധകർക്ക് സമാനതകളില്ലാത്ത അനുഭവം നൽകുന്നതായിരിക്കും സഹകരണ കരാറെന്നും ആലുശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.