അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: 2024 മുതൽ രാജ്യത്ത് ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനികളുമായോ സ്ഥാപനങ്ങളുമായോ കരാർ അവസാനിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൾഫ് മേഖലയിൽ പ്രാേദശിക ആസ്ഥാനമുണ്ടാകയും അത് സൗദിയിൽ അല്ലാതിരിക്കുകയും ചെയ്യുന്ന വിദേശ കമ്പനികളുമായാണ് 2024 ജനുവരി ഒന്നു മുതൽ സൗദി സർക്കാർ സ്ഥാപനങ്ങൾ കരാർ നിർത്തലാക്കാൻ തീരുമാനിച്ചത്.
സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, ഗവൺമെൻറിനു കീഴിലെ ഫണ്ടുകൾ എന്നിവക്കാണ് നിർദേശം നൽകിയത്. ഗവൺമെൻറുമായും ഗവൺമെൻറ് ഏജൻസികളും ഫണ്ടുകളുമായും ഇടപാട് നടത്തുന്ന വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതിനുള്ള പ്രോത്സാഹനമായാണ് തീരുമാനം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ചോർച്ച കുറക്കുന്നതിനും ചെലവ് കാര്യക്ഷമത വർധിപ്പിക്കുന്നതിനുംകൂടിയാണിത്. വിവിധ ഗവൺമെൻറ് ഏജൻസികൾ വാങ്ങുന്ന പ്രധാന ഉൽപന്നങ്ങളും സേവനങ്ങളും ഉചിതമായ പ്രാദേശികതലങ്ങളിൽ രാജ്യത്ത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും തീരുമാനത്തിലുണ്ട്.
അടുത്തിടെ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഒാർഗനൈസേഷൻ ഫോറത്തിെൻറ തുടർച്ചയെന്നോണം റിയാദ് പദ്ധതിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചതിന് അസുസൃതമായാണ് പുതിയ തീരുമാനം. 24 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചിരുനു. ഒരു നിക്ഷേപകനെയും സൗദി സമ്പദ്വ്യവസ്ഥയിലേക്ക്പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി തുടർന്ന് ബന്ധപ്പെടുന്നതിനോ ഇത് ബാധിക്കില്ലെന്നും അനുബന്ധ ചട്ടങ്ങളും നിയന്ത്രണങ്ങളും 2021ൽ പുറപ്പെടുവിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.